National
സുശാന്ത് സിംഗ് കേസ് പാറ്റ്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി | ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് ബിഹാറിലെ പാറ്റ്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവര്‍ത്തിയുടെ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഹൃഷികേശ് റോയ് ആണ് വിധി പറയുക. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംഭവിച്ചത് മുംബൈയിലായതിനാല്‍ ബിഹാര്‍ പോലീസിന് അന്വേഷണം സാധിക്കില്ലെന്നാണ് സുശാന്തിന്റെ സുഹൃത്ത്കൂടിയായ റിയ ചക്രവര്‍ത്തിയുടെ വാദം. സുപ്രിംകോടതി നേരിട്ട് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ എതിര്‍പ്പില്ലെന്നാണ് നടിയുടെ നിലപാട്. ഈ സഹാചര്യത്തില്‍ സി ബി ഐ അന്വേഷണ കാര്യത്തില്‍വരെ നിര്‍ണായകമാകുന്ന ഒരു വിധിയാകും സുപ്രീം കോടതിയില്‍ നിന്നുണ്ടാകുക. പറ്റ്‌ന പോലീസിന്റെ എഫ് ഐ ആറില്‍ സി ബി ഐ അന്വേഷണം അനുവദിക്കരുതെന്നും ഹരജിയിലുണ്ട് .
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ശ്രമമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചപ്പോള്‍, മുംബൈ പോലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ തിരിച്ചടിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 14നാണ് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുശാന്ത് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്റെ കുടുംബം ആരോപണം ഉന്നിയിച്ചിരുന്നു.