Connect with us

Kerala

കുമ്പളയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിയുടെ രണ്ട് സുഹൃത്തുക്കള്‍ തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കുമ്പള |  കാസര്‍കോട് കുമ്പള നായ്കാപ്പില്‍ എണ്ണമില്‍ തൊഴിലാളി വഴിയരികില്‍ വെട്ടേറ്റ് മരിച്ചു. മണിക്കൂറുകള്‍ക്കം എണ്ണമില്‍ തൊഴിലാളിയെ വെട്ടിക്കൊന്ന പ്രതിയുടെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. നായ്ക്കാപ്പ് മുജങ്കാവ് സുന്നാഗുലി റോഡിലെ ഹരീഷ് (38) ആണ് തിങ്കളാഴ്ച അര്‍ധരാത്രിയില്‍ വെട്ടേറ്റ് മരിച്ചത്. ശാന്തിപ്പള്ളത്തെ ശ്രീകുമാറാണ് ഹരീഷിനെ വെട്ടിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ ശ്രീകുമാറിന്റെ രണ്ട് സുഹൃത്തുക്കളായ കുമ്പള കുണ്ടങ്കാറടുക്ക എസ് ടി കോളനിയിലെ റോഷന്‍ (20), മണി (20) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൃഷ്ണനഗര്‍ കെ ഡി മൂലയിലെ കാട്ടില്‍ രണ്ട് മരങ്ങളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
വെട്ടേറ്റ് മരിച്ച ഹരീഷ് ജോലി ചെയ്യുന്ന മില്‍ ഉടമയുടെ ഡ്രൈവറാണ് ശ്രീകുമാര്‍. ശ്രീകുമാറിന്റെ സുഹൃത്തുക്കളായ റോഷനും മണിയും കൂലിത്തൊഴിലാളികളാണ്.

പോലീസ് കസ്റ്റഡിയിലായ ശ്രീകുമാര്‍ വ്യക്തി വൈരാഗ്യത്തിലാണ് ഹരീഷിനെ കൊന്നതെന്ന് വെളിപ്പെടുത്തി. 15 വര്‍ഷമായി സൂരംബയലില്‍ ഭഗവതിപ്രസാദം എണ്ണമില്ലില്‍ ജോലിക്കാരനായിരുന്നു ഹരീഷ്. പതിവായി നേരത്തെ വീട്ടിലെത്തിയിരുന്ന ഹരീഷ് തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞെത്താന്‍ വൈകിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് മില്ലിലേക്ക് അന്വേഷിച്ച് പോയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് വഴിയാത്രക്കാരാണ് റോഡില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഹരീഷിനെ കണ്ടത്. വിവരമറിഞ്ഞ് കുമ്പള പോലീസ് എത്തി ഹരീഷിനെ സഹകരണ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഹരീഷിന്റെ മൃതദേഹം സംസ്‌കരിച്ചു.
ഇതിന് ശേഷമാണ് പ്രതിയുടെ രണ്ട് സുഹൃത്തുക്കള്‍ തൂങ്ങിമരിച്ചനിലയില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. റോഷന്റേയും മണിയുടേയും മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.