തൃശൂര്‍ ആമ്പല്ലൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് വീട്ടില്‍ സൂക്ഷിച്ച 2,480 ലിറ്റര്‍

Posted on: August 18, 2020 9:18 pm | Last updated: August 19, 2020 at 1:02 am

തൃശൂര്‍ | തൃശൂര്‍ ആമ്പല്ലൂരിലെ നെന്മണിക്കരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 2,480 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. 70 കന്നാസുകളിലായി 35 ലിറ്റര്‍ സ്പിരിറ്റാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ രഞ്ജിത്ത്, ദയാനന്ദ്, ജയിംസ് എന്നിവരെ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് വേട്ട നടത്തിയത്.

രണ്ട് ദിവസം മുമ്പ് രാത്രി ടെമ്പോയില്‍ സ്പിരിറ്റ് എത്തിച്ചിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. വ്യാജ മദ്യം തയ്യാറാക്കുന്നവര്‍ക്ക് സ്പിരിറ്റ് വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശമെന്നാണ് വിവരം. സംസ്ഥാനത്തിന് പുറത്തു നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.