National
പീഡനത്തിന് ഇരയായെന്ന് സംശയം; യു പിയിൽ പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ

ലക്‌നോ| ബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്ന 16 കാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. യു പിയിലെ അസംഗ്രാഹ് ഗ്രാമത്തിലാണ് സംഭവം. ലോക്ക്ഡൗൺ സമയത്ത് മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടിയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നു. ചോദ്യം ചെയ്യാനായി ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് സൂപ്രണ്ട് പങ്കജ് പാണ്ഡെ പറഞ്ഞു.
കാണാതായതിനെ തുടർന്ന് ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബാറക്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗശേഷമാണ് കൊലപാതകം നടന്നതെന്നാരോപിച്ച് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.
ലഖിംപൂർ ഖേരി ജില്ലയിൽ 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന വാർത്തക്ക് ശേഷം പുറംലോകമറിയുന്ന രണ്ടാമത്തെ വാർത്തയാണിത്. വെള്ളിയാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് ദിവസത്തിനിടെ യു പിയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.