International
യു എസിലെ സിൻസിനാറ്റിയിൽ വെടിവെപ്പ്: നാല് മരണം; നിരവധി പേർക്ക് പരുക്ക്

സിൻസിനാറ്റി| ഒഹായോ സ്‌റ്റേറ്റിലെ പ്രധാന നഗരമായ സിൻസിനാറ്റി നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവെപ്പുകളിൽ നാല് പേർ മരിക്കുകയും 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അർധരാത്രിയിലാണ് വെടിവെപ്പുണ്ടായത്. അവോണ്ടേൽ പരിസരത്ത് ഉണ്ടായ വെടിവെപ്പിൽ പരുക്കേറ്റ 21 കാരനായ അന്റോണിയോ ബ്ലെയറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. വെടിയേറ്റ മറ്റ് മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ഓവർ ദി റൈൻ പരിസരത്ത് 10പേർക്ക് വെടിയേറ്റു. ഇതിൽ 34കാരനായ വ്യക്തി സംഭവസ്ഥലത്ത് വെച്ചും 30കാരനായ മറ്റൊരാൾ സിൻസിനാറ്റി മെഡിക്കൽ സെന്ററിലും വെച്ച് മരിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ വാൾനട്ട് ഹിൽസിലും വെസ്റ്റ് എൻഡിലും വെടിവെപ്പ് നടന്നു. വെസ്റ്റ് എൽഡിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
60 മുതൽ 90 മിനുട്ടിനുള്ളിലാണ് വെടിവെപ്പ് നടന്നതെന്ന് അസിസ്റ്റന്റ് പോലീസ് മേധാവി പറഞ്ഞു. സിൻസിനാറ്റി നഗരത്തിലെ അങ്ങേയറ്റം അക്രമാസക്തമായ ഒരു രാത്രിയായിരുന്നു ഇത്. വ്യത്യസ്ത സംഭവങ്ങളാണെന്ന് തോന്നുമെങ്കിലും ഭീകരവും ദാരുണവുമാണെന്ന് പോലീസ് മേധാവി വ്യക്തമാക്കി.