Connect with us

Covid19

കൊവിഡ് വ്യാപനം: ഇന്ത്യക്കാരനായ ഹോട്ടലുടമക്ക് തടവ് ശിക്ഷ വിധിച്ച് മലേഷ്യ

Published

|

Last Updated

ക്വാലാലംപൂർ| കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കിയെന്ന കുറ്റത്തിന് ഇന്ത്യക്കാരനായ ഹോട്ടലുടമക്ക് തടവ് ശിക്ഷ വിധിച്ച് മലേഷ്യൻ കോടതി. ക്വാറന്റൈൻ ലംഘിക്കുകയും അതിലൂടെ നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ഹോട്ടലുടമയായ 57കാരന് അഞ്ച് മാസം തടവ് വിധിച്ചത്. കേദ സംസ്ഥാനത്ത് സ്വന്തമായി ഭക്ഷണശാല നടത്തുന്ന ഇയാളുടെ പേര് മലേഷ്യയിലെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ തിരിച്ചെത്തിയ ഇയാൾ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന നിർദേശം ലംഘിച്ചതിനാൽ നിരവധി പേർക്ക് രോഗം ബാധിച്ചെന്നാണ് കോടതി കണ്ടെത്തൽ. 12,000 മലേഷ്യൻ റിംഗറ്റ് പിഴയൊടുക്കാനും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെ ഇയാൾ ക്വാറന്റൈൻ ലംഘിച്ച് പലതവണ സ്വന്തം ഭക്ഷണശാലയിൽ പോയി. രണ്ടാമത്തെ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചു അപ്പോഴേക്കും ഇയാളുടെ കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ നിരവധി പേർക്കും കൊവിഡ് ബാധിച്ചിരുന്നു. 45ഓളം പേർക്ക് ഈ ക്ലസ്റ്ററിൽ നിന്ന് കൊവിഡ് ബാധിച്ചെന്നാണ് കോടതിയുടെ കണ്ടെത്തൽ.

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതിനെത്തുടർന്ന് മെയ് മുതൽ രാജ്യത്ത് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയിരുന്നു. എന്നാൽ, പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിദേശത്തു നിന്ന് എത്തുന്നവർ നിർബന്ധമായും രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദേശം.

Latest