Idukki
പെട്ടിമുടി: പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടിമുടിയില്‍ ദുരന്തം നടന്ന സ്ഥലം ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പം സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പെട്ടിമുടിയിലെ ദുരന്ത വിവരം പുറത്തറിഞ്ഞ ശേഷം ഏറ്റവും ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് അവിടെ നടന്നത്. ഇതില്‍ എല്ലാവരും നല്ല പങ്കാളിത്തം വഹിച്ചു. ഇപ്പോഴും തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരണപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ പരിശോധിക്കുമ്പോള്‍ ചുരുക്കം ചിലര്‍ മാത്രമാണ് ആ കുടുംബങ്ങളില്‍ അവശേഷിക്കുന്നത്. ചിലര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. രക്ഷപ്പെട്ട കുടുംബങ്ങളില്‍ കുട്ടികളുണ്ട്. അവരുടെ വിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ഒരു പ്രദേശം ഒന്നിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടായത്. പുതിയ വീടുകള്‍ അവിടെ പണിയുക പ്രയാസകരമാണ്. പുതിയ വീടും പുതിയ സ്ഥലവും ഇവര്‍ക്ക് വേണ്ടി കണ്ടെത്തേണ്ടിവരും. മുമ്പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലയിലും കവളപ്പാറയിലും സര്‍ക്കാര്‍ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തി. അതേ നിലപാട് തന്നെ പെട്ടിമുടിയിലും സര്‍ക്കാര്‍ സ്വീകരിക്കും.
ഇവിടെ സര്‍ക്കാര്‍ കാണുന്നത് കമ്പനി നല്ല രീതിയില്‍ സഹായവുമായി മുന്നോട്ടു വരുമെന്നു തന്നെയാണ്. കമ്പനി പ്രതിനിധികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സ്ഥലം വേണം സ്ഥലത്തോടൊപ്പം വീട് നിര്‍മിച്ചു നല്‍കാനുള്ള സഹായവും വേണം. അതില്‍ കമ്പനിക്ക് ചെയ്യാനുള്ളത് ചെയ്യുക എന്നതാണ് ഇപ്പോള്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഈ കുടുംബങ്ങള്‍ക്കാകെ പുതിയ വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കുട്ടികളുടെ കാര്യത്തില്‍ വിദ്യാഭ്യാസം തുടര്‍ന്നു നടക്കേണ്ടതുണ്ട്. കുട്ടികളുടെ തുടര്‍ന്നുള്ള വിദ്യഭ്യാസവും ചെലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്.
ഇപ്പോള്‍ രക്ഷപ്പെട്ടവരും ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാരാണ് വഹിക്കുന്നത്. പ്രത്യേകമായി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അത് പ്രത്യേകമായി തന്നെ സര്‍ക്കാര്‍ പരിഗണിക്കും. അതോടൊപ്പം കമ്പനിയുടെ ഭാഗത്തുനിന്നും ചില നടപടികള്‍ കൂടി ഉണ്ടാവേണ്ടതായുണ്ട്. പെട്ടിമുടിയില്‍ നിന്നും മറ്റ് ലയങ്ങളിലേക്ക് മാറി താമസിക്കുന്നവര്‍ക്ക് നിലവില്‍ വരുമാനമില്ല. അത്തരം കാര്യങ്ങള്‍ കമ്പനി പരിഗണിച്ച് അവര്‍ക്ക് ആവശ്യമായ സഹായം ചെയ്യണം. ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ അടക്കം ചില കാര്യങ്ങള്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിന് കമ്പനി തയ്യാറാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്ന് ലയങ്ങളുടെ പൊതുവായ പ്രശ്‌നമാണ്.അത് സര്‍ക്കാരിന്റെ ഗൗരവമായ പരിഗണനയില്‍ ഉള്ള കാര്യമാണ്.
ഇടമലക്കുടി യിലേക്കുള്ള റോഡുകളുടെ പ്രശ്‌നം ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതും മുമ്പെ തന്നെ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ള കാര്യമാണ്. ചില കാര്യങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്ന കാര്യങ്ങള്‍ കൂടി സര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.