Connect with us

Kerala

അപകടത്തിന് കാരണം ടേബിള്‍ ടോപ് റണ്‍വേയല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂര്‍ വിമാനത്താവളത്തില്‍ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന് കാരണം ടേബിള്‍ ടോപ് റണ്‍വേ അല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ടേബിള്‍ ടോപ് വിമാനത്താവളങ്ങള്‍ രാജ്യത്ത് വേറെയും ഉണ്ടെന്നും അത് അപകടകാരണമായി എന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരന്നു മന്ത്രി.

അപകടത്തിന് ഇടയാക്കിയത് കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേ ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. മംഗലാപുരം വിമാനത്താവളത്തില്‍ 2010ല്‍ ഉണ്ടായ അപകടത്തെ കൂടി താരതമ്യം ചെയ്തായിരുന്നു ഈ വിലയിരുത്തല്‍. എന്നാല്‍ ടേബിള്‍ ടോപ് റണ്‍വേ വിമാനദുരന്തത്തിന് കാരണമാകില്ലെന്നും എല്ലാ വിമാനത്താവളങ്ങളിലും സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തം തന്നെയാണ് കരിപ്പൂരിലും സംഭവിച്ചത് എന്നുമാണ് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

കുന്നിന്‍ മുകളില്‍ നിരപ്പായ പ്രദേശത്ത് നിര്‍മിക്കുന്ന റണ്‍വേയെയാണ് ടേബിള്‍ ടോപ് എന്ന് പറയുന്നത്. ഇത്തരം റണ്‍വേകളുടെ ഒരു അറ്റമോ രണ്ടറ്റമോ താഴ്ന്ന സ്ഥിതിയിലാകും. കരിപ്പൂര്‍ വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ടേബിള്‍ടോപ് റണ്‍വേകളില്‍ വിമാനം ഇറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും മറ്റു വിമാനത്താവളങ്ങളില്‍ ഉള്ള അതേ അപകട സാധ്യത തന്നെയാണ് ഇവിടെയും ഉള്ളത് എന്നാണ് വ്യോമയാന രംഗത്ത് ഉള്ളവര്‍ പറയുന്നത്. ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയാല്‍ താഴ്ചയിലേക്ക് പതിക്കും. മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് തെന്നിമാറിയാല്‍ ജനവാസ മേഖലയിലേക്കോ, റോഡിലേകേക്കാ പതിക്കും. വിമാന ദുരന്തത്തിന്റെ കാര്യത്തില്‍ ഇത് രണ്ടും തമ്മില്‍ കാര്യമായ വ്യത്യസമില്ല.

കരിപ്പൂരില്‍ വിമാനം റണ്‍വേവയുടെ മധ്യത്തിലാണ് ലാന്‍ഡ് ചെയ്തത് എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതിനാല്‍ റണ്‍വേയില്‍ ഓടി വിമാനം നിര്‍ത്താനുള്ള സമയം ലഭിച്ചില്ല. ഇത്തരം ലാന്‍ഡിംഗ് മറ്റു വിമാനത്താളവങ്ങളില്‍ സംഭവിച്ചാലും അപകടമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറമേ മംഗലാപുരം വിമാനത്താവളം, മിസോറാമിലെ ലെങ് പുയി വിമാനത്താവളത്തിലുമാണ് രാജ്യത്ത് ടേബിള്‍ ടോപ്പ് റണ്‍വേയുള്ളത്.

Latest