Connect with us

Kerala

കരിപ്പൂരിലുണ്ടായത് മംഗലാപുരത്തെതിന് സമാന അപകടം; വിമാനത്തിന് തീപിടിച്ചില്ലെന്നത് ദുരന്തത്തിന്റെ ആഴം താരതമ്യേന കുറച്ചു

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരില്‍ എയര്‍ ഇന്ത്യവിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയുണ്ടായ അപകടം പത്ത് വര്‍ഷം മുമ്പ് മംഗലാപുരത്തുണ്ടായ ദുരന്തത്തിന് സമാനം. എന്നാല്‍, കരിപ്പൂരില്‍ വിമാനത്തിന് തീപിടിച്ചില്ലെന്നതാണ് വ്യത്യാസം. അതിനാല്‍ത്തന്നെ ദുരന്തത്തിന്റെ ആഴം താരതമ്യേന കുറഞ്ഞു. കരിപ്പൂരിലുണ്ടായത് ക്രാഷ് ലാന്‍ഡിംഗ് ആണെന്നാണ് റിപ്പോര്‍ട്ട്. 2010 മെയ് 21ന് രാത്രിയായിരുന്നു മംഗലാപുരം വിമാനത്താവളത്തില്‍ അപകടമുണ്ടായത്. ജീവനക്കാരടക്കം 166 പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനത്തിന് ലാന്‍ഡിംഗിന് തൊട്ടുമുമ്പ് തീപ്പിടിക്കുകയായിരുന്നു. വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ രാവിലെ ആറരയോടെ ലാന്‍ഡിംഗിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.

വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മണല്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് വിമാനം കത്തിയമരുകയായിരുന്നു. എട്ട് യാത്രക്കാര്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഒന്നിച്ച് സംസ്‌ക്കരിക്കുകയായിരുന്നു.

Latest