Connect with us

Malappuram

ദുരന്തത്തിന് ഒരാണ്ട്: മുറിവുണങ്ങാതെ കവളപ്പാറ

Published

|

Last Updated

തുടച്ചുമാറ്റപ്പെട്ട ഒരു നാടിന്റെ നേർക്കാഴ്ചയാണ് കവളപ്പാറ. ഒരൊറ്റ നിമിഷം കൊണ്ട് നാടിനെ തുടച്ച് മാറ്റപ്പെട്ട കഥയാണ് കവളപ്പാറയുടേത്. ആ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും മുറിവുണങ്ങാതെ വേദനിക്കുകയാണിവർ.
നിമിഷ നേരം കൊണ്ട് എല്ലാം നഷ്ടപ്പെട്ട് സമ്പാദ്യം മുഴുവൻ കൺ മുന്നിൽ ഒലിച്ച് പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാൻ വിധിക്കപ്പെട്ടവാണിവർ. നൂറേക്കറിലധികം വരുന്ന പ്രദേശത്തേക്കാണ് കവളപ്പാറയിലെ മുത്തപ്പൻ മല ഇടിഞ്ഞ് താഴ്ന്നത്. പിന്നെ എല്ലാം മണ്ണിനടിയിലായി. ഒപ്പം കുറേയേറെ മനുഷ്യ ജീവനുകളും അവരുടെ സ്വപ്‌നങ്ങളും.
കഴിഞ്ഞ ആഗസ്റ്റ് എട്ടിന് രാത്രി 7.50 ഓടെയാണ് ദുരന്തമുണ്ടാകുന്നത്. എന്നാൽ പിറ്റേ ദിവസം 10 മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. നൂറേക്കറിലധികം വരുന്ന പ്രദേശത്തേക്ക് ഇരുപതടിയിലധികം താഴ്ച്ചയിലേക്കാണ് മണ്ണ് പതിച്ചത്. 59 ആളുകളും 42 വീടുകളും മണ്ണിനടിയിലായി. ആഗസ്റ്റ് ഒമ്പതിന് രാവിലെ 11-നാണ് അഗ്നിരക്ഷാസേനക്ക് സ്ഥലത്തെത്താൻ സാധിച്ചത്. ഉച്ചക്ക് 12.30 ന് നാലുവയസ്സുകാരി അനഘയെ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.

18 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ 48 പേരെ മണ്ണിനടിയിൽ നിന്ന് കണ്ടെത്തി. മണ്ണിനടിയിൽ 11 പേർ ഇന്നും നാടിന്റെ നൊമ്പരമാണ്.

കൃഷിഭൂമിയും പോയി

കവളപ്പാറ ദുരന്തത്തിൽ സാധാരണക്കാരായ മനുഷ്യർക്കൊപ്പം നൂറു കണക്കിനു കുടുംബങ്ങളുടെ ജീവിതോപാദിയായ കൃഷിഭൂമിയും നശിച്ചു.
മുത്തപ്പൻകുന്നിലെ 30 ഏക്കറോളം വരുന്ന കൃഷിയും മണ്ണടിഞ്ഞ വയലിലെ 20 ഏക്കറോളം വരുന്ന കൃഷിയും ഇല്ലാതായി. ദുരന്തസമയത്തും തന്നെ ഉന്നത കൃഷി ഉദ്യോഗസ്ഥർ കവളപ്പാറയിൽ എത്തി റിപ്പോർട്ട് തയാറാക്കിയിരുന്നു. എന്നാൽ ഭൂമിയടക്കം കൃഷി നഷ്ടമായവരുടെ കാര്യത്തിൽ ഒരുത്തരം പറയാൻ പോലും കൃഷി വകുപ്പ് തയാറല്ല. ദുരന്തഭൂമി അതുപോലെ ദിവസവും കാണുന്നത് തന്നെ നാട്ടുകാർക്ക് വിഷമമുണ്ടാക്കുന്നുണ്ട്.
ഈ മേഖലയിൽ വീണ്ടും കൃഷിയാരംഭിക്കാൻ അനുമതി നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.

ഇവരിപ്പോഴും
ക്യാമ്പിൽ തന്നെ

കവളപ്പാറ ദുരന്തത്തിന് ഒരാണ്ട് ദിവസം തികയുമ്പോഴും 31 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നു. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരുണ്ട് അവർ.
പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിലുള്ള ഈ ക്യാമ്പിലാണ് അവർ കഴിയുന്നത്. ഉരുൾപ്പൊട്ടൽ ഉറ്റവരെ മാത്രമല്ല, അവരുടെ ജീവിതം തന്നെ തട്ടിയെടുത്തു. ആ രാത്രി നഷ്ടപ്പെട്ട ജീവിതതാളം ഇനിയും പലർക്കും തിരിച്ചുപിടിക്കാനായിട്ടില്ല. എല്ലാം വിധിയെന്ന് ആശ്വാസിക്കുന്നു. ഇല്ലായ്മകൾക്കിടയിലും ഒപ്പം നിന്നവരോട് നന്ദി മാത്രം. പറഞ്ഞുതുടങ്ങുമ്പോൾ സങ്കടങ്ങൾ ഏറെയുണ്ട്.
കവളപ്പാറയിൽ നിന്ന് നാലു കിലോമീറ്റർ അകലെയാണ് ക്യാമ്പ്. ക്യാമ്പിലായതിനാൽ ഭക്ഷണം കിട്ടും. പോത്തുകല്ലിൽ പരിചയക്കാരില്ലാത്തതിനാൽ ക്യാമ്പിലെ ഭൂരിഭാഗം ആളുകൾക്കും ജോലിയൊന്നുമില്ല. 35,000 രൂപ പ്രതിമാസം വാടക നൽകിയാണ് സർക്കാർ പോത്തുകല്ലിൽ ഒരുമാസമായി ക്യാമ്പ് നടത്തുന്നത്.

ബയോഗ്യാസ് സംവിധാനമുള്ള ടോയ്‌ലറ്റ് സൗകര്യത്തിന് ഒരു മാസം 36,000 രൂപയാണ് വാടക.
ക്യാമ്പിൽ കഴിയുന്ന 31 കുടുംബങ്ങൾക്കും വീടും സ്ഥലത്തിനും ആയി 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നൽകിയാൽ മതിയെന്നും തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകിയാൽ മതിയെന്നും കഴിഞ്ഞദിവസം ചേർന്ന ഊരു കൂട്ടത്തിൽ തീരുമാനിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാരുടെ
നേതൃത്വത്തിൽ സുന്നി സംഘടനാ നേതാക്കൾ സന്ദർശനം നടത്തുന്നു (ഫയൽ)

പുനരധിവാസം തുടരുന്നു

ഉരുൾപൊട്ടലിൽ മാഞ്ഞുപോയ കവളപ്പാറയെ സർക്കാർ കൈപിടിച്ചുയർത്താൻ ആവുന്നതും ശ്രമിക്കുന്നുണ്ട്. പി വി അൻവർ എം എൽ എയുടെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മരിച്ചവരുടെ 59 കുടുംബങ്ങൾക്ക് നാല് ലക്ഷം വീതം 2.36 കോടി രൂപ നൽകി. വീടുകളിൽ വെള്ളംകയറി നാശമുണ്ടായവർക്ക് 10,000 രൂപ വീതവും വിതരണം ചെയ്തു. ഭൂമിയും വീടും വാസയോഗ്യമല്ലാത്ത 102 കുടുംബങ്ങൾക്ക് ഭൂമിക്ക് ആറ് ലക്ഷം വീതം 6.12 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ 63 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ നാല് ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. പേരിലെ വ്യത്യാസം, ബേങ്ക് അക്കൗണ്ട് അവ്യക്തത, ആളുകൾ മരിച്ച കുടുംബങ്ങളിലെ അവകാശത്തർക്കം എന്നിവ കാരണം ചുരുക്കം ചിലർക്ക് സഹായം ലഭിക്കാൻ കാലതാമസമുണ്ടായി. പ്രളയത്തിൽ തകർന്ന റോഡ് നിർമാണം നടത്തി. നിരവധി ക്യാമ്പുകളിൽ ക്യാമ്പുകൾക്കും സഹായമെത്തിച്ചു. പോത്തുകല്ലിലെ ക്യാമ്പിനുമാത്രം പത്ത് ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. കവളപ്പാറയിൽ ഭൂമി നഷ്ടപെട്ടവർക്ക് സർക്കാർ ഭൂമി നൽകി. സുമനസുകളുടെ സഹായത്താൽ നിരവധി വീടുകളാണ് ഒരുങ്ങുന്നത്. കേരള മുസ്‌ലിം ജമാഅത്ത് തുടങ്ങിയ സംഘടനകളും എം എ യൂസഫലിയടക്കമുള്ള വ്യവസായികളും നിരവധി വീടുകളാണ് സ്പോൺസർ ചെയ്ത് നിരവധി വീടുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ള വീടുകളുടെ നിർമാണം പുരോഗമിച്ച് കൊണ്ടിരിയക്കുകയാണ്.

Latest