മഴ ശക്തിയാര്‍ജിക്കുന്നു; മലബാറിലും തെക്കന്‍ കേരളത്തിലും വ്യാപക നഷ്ടം; നാല് മരണം

Posted on: August 6, 2020 12:18 am | Last updated: August 6, 2020 at 6:36 am

കോട്ടയം/മലപ്പുറം | സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും ഒരുപോലെ ശക്തിയാര്‍ജിച്ച മഴയിലും കാറ്റിലും വ്യാപക നഷടം. വയനാട്ടിലും മലപ്പുറത്തും വിവിധ സംഭവങ്ങളിലായി നാല് പേര്‍ മരിച്ചു. എറണാകുളത്ത് വള്ളം മുങ്ങി മൂന്ന് പേരെ കാണാതാവുകയും ചെയ്തു.

വയനാട് കുറിച്ച്യര്‍ മലയില്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട് വെങ്ങാട് കോളനിയിലെ ഉണ്ണിമായ (അഞ്ച്), വാളാട് മരം വീണ് ജ്യോതിക (ആറ്) എന്നിവരും മലപ്പുറം എടവണ്ണ പത്തപ്പിരിയം കലന്തിയില്‍ കോളനിയില്‍ സാബുവിനെ തോട്ടില്‍ മരിച്ച നിലയിലും കൂട്ടായിയില്‍ കടലില്‍ വള്ളം മുങ്ങി കാണാതായ സിദ്ദീഖിന്റെ മൃതദേഹം എറണാകുളം എളങ്കുന്നപ്പുഴയിലും കണ്ടെത്തി.
എളങ്കുന്നപ്പുഴയില്‍ വള്ളംമുങ്ങി മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലയില്‍ വ്യാപക നാശമുണ്ടായി. കോഴിക്കോട്ട് വിവിധയിടങ്ങളില്‍ വീടുകള്‍ക്ക് മുകളിലേക്ക് മരംവീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബേപ്പൂരില്‍ വീട് തകര്‍ന്ന് മൂന്ന് വയസ്സുകാരന് പരുക്കേറ്റു.

നിലമ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. പോത്തുകല്ലിലെ മുണ്ടേരി തൂക്കുപാലം ഒലിച്ചുപോയി. ഇരുട്ടുകുത്തി, വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി, കോളനികള്‍ ഒറ്റപ്പെട്ട നിലയിലാണ്. എടക്കര മുനിപ്പാലം മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായ പാതാറില്‍ തോട് കരകവിഞ്ഞ് ഒഴുകുകയാണ്.

ആഢ്യൻപാറയിൽ ഉരുൾപൊട്ടലുണ്ടായി. കാഞ്ഞിരപ്പുഴയിൽ   ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ബുധനാഴ്ച വൈകുന്നേരം  ആറ് മണിയോടെ കാഞ്ഞിരപ്പുഴയുടെ ആഢ്യൻപാറ ഭാഗത്താണ് ഉരുൾപൊട്ടിയത്. ആഢ്യൻപാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലാണ് ഉരുൾപൊട്ടൽ സംഭവിച്ചതെന്നാണ് നിഗമനം. മലവെള്ളപാച്ചിലിൽ കാഞ്ഞിരപ്പുഴയിൽ ജല വിതാനം ഉയർന്ന് അകമ്പാടം- എരുമമുണ്ട റോഡിലെ മതിൽ മൂല ഭാഗത്ത് വെള്ളം ഇരച്ച് കയറിയെങ്കിലും അൽപ സമയത്തിനകം തന്നെ വെള്ളം കുറഞ്ഞതിനാൽ അപകടം സംഭവിച്ചില്ല. എന്നാൽ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ആശങ്ക വർദ്ധിക്കുകയാണ്.

2018 ലും 20l 9ലും ഈ മേഖലയിൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. 2018ൽ ഉരുൾപൊട്ടലിനെ തുടർന്ന് മതിൽ മൂലയിലെ 52 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു.  കഴിഞ്ഞ രണ്ട് വർഷങ്ങളിലും  ആഢ്യൻപാറ ജലവൈദ്യുതി  പദ്ധതി    മാസങ്ങളോളം   തടസ്സപ്പെടുകയും ചെയ്തിരുന്നു. അതേ സമയം ഉരുൾപൊട്ടൽ സാധ്യതയെ തുടർന്ന് മലയോരം  ജാഗ്രതയിലാണ്.  ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപാർപ്പിച്ചിട്ടുമുണ്ട്.

ഇരിട്ടി മാക്കൂട്ടം വനമേഖലയിൽ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. തൊട്ടിപ്പാലം പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെത്തുടർന്ന് മേഖലയിൽ പുഴയോരത്തോട് ചേർന്ന് താമസിക്കുന്ന 9 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. ബാരാപ്പോൾ , ബാവലി തുടങ്ങിയ പുഴകളിലും ജലവിതാനം ക്രമാതീതമായി ഉയർന്നു. മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി തഹസിൽദാർ കെ. കെ. ദിവാകരൻ അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഇരിട്ടി താലൂക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ് .നമ്പർ 0490 2494910

വയനാട്ടിലും ഇടുക്കിയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.