Connect with us

Gulf

‘ഇന്ത്യൻ പൗരന്മാർക്ക് സന്ദർശന വിസയിൽ യു എ ഇയിലേക്ക് വരാൻ അനുവാദമില്ല’  

Published

|

Last Updated

അബുദാബി | ട്രാവൽ പ്രോട്ടോക്കോൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർക്ക് സന്ദർശന വിസയിൽ യു എ ഇയിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് യു എ ഇ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. സന്ദർശക വിസകളിൽ യു എ ഇ ആളുകളെ അനുവദിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ വ്യക്തമല്ല. അതിനെക്കുറിച്ച് വ്യക്തതയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. കൂടാതെ, സന്ദർശന വിസകളിൽ യാത്ര ചെയ്യാൻ ആളുകളെ അനുവദിക്കണമോ എന്ന് ഇന്ത്യൻ സർക്കാറും ഇതുവരെ തീരുമാനിച്ചിട്ടില്ല- സ്ഥാനപതി പറഞ്ഞു.

സന്ദർശക വിസയുമായി വിമാനക്കമ്പനികൾ യാത്രക്കാരെ കയറ്റുന്നില്ലെന്ന് ട്രാവൽ ഏജൻസി സ്ഥിരീകരിച്ചു. ജൂലൈ 29 മുതൽ ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്ക് ദുബൈ സന്ദർശന വിസ നൽകാൻ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായില്ലെങ്കിലും ട്രാവൽ ഏജന്റുമാരും അമർ സെന്ററുകളും സന്ദർശന വിസകൾ നൽകാൻ ഒരുങ്ങിയെന്നും അറിയിപ്പുണ്ടായിരുന്നു.

എന്നിരുന്നാലും, വാണിജ്യ വിമാനം ഇപ്പോഴും ഇന്ത്യയിൽ നിർത്തിവച്ചിരിക്കുന്നതിനാൽ സന്ദർശന വിസ ഉടമകൾ യുഎഇയിലേക്ക് എങ്ങനെ തിരിച്ചുപോകുമെന്ന് വ്യക്തമല്ല.  യു എ ഇയിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും നടത്തുന്നത് സാധുവായ യു എ ഇ താമസ വിസയുള്ള ആളുകൾക്ക് മാത്രമാണ്. വിസിറ്റ് വിസയുമായി ബന്ധപ്പെട്ട് എംബസി യു എ ഇ സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതനുസരിച്ച് ഞങ്ങൾ കാര്യങ്ങൾ തീരുമാനിക്കും, പവൻ കപൂർ പറഞ്ഞു.

ദുബൈ സന്ദർശക വിസ നൽകുന്നതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ അനുവദിക്കണം എന്നും എംബസി ഇന്ത്യൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മലയാളികളടക്കം ഒട്ടേറെ പേർ നാട്ടിൽ സന്ദർശക വിസയിൽ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തുകഴിഞ്ഞതായി അറിയുന്നു. വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിൽ താമസ വിസക്കാർക്ക് മാത്രമേ യാത്രാ അനുമതിയുള്ളൂ. ജോലി തേടി ഇന്ത്യക്കാരിൽ കൂടുതലും വരാറുള്ളത് സന്ദർശക വിസയിലാണ്. ഇത്തരത്തിൽ കാത്തിരിക്കുന്ന ഒരുപാടു പേർ കേരളത്തിലടക്കം ഉണ്ട്.
കൂടാതെ, ഒട്ടേറെ കുടുംബങ്ങളും യു എ ഇയിലേക്ക് വരാൻ വേണ്ടി തയ്യാറെടുത്തിട്ടുണ്ട്. സന്ദർശക വിസയിൽ വന്ന് കൊവിഡ് ലോക് ഡൗൺ കാരണം കുടുങ്ങി ഒടുവിൽ അധികൃതരുടെ സഹായത്താൽ വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ മടങ്ങിയവർ ഏറെയാണ്.

കൊവിഡ്19 നെ തുടർന്ന് യു എ ഇ നിർത്തലാക്കിയ സന്ദർശക വിസാ അനുവദിക്കൽ ജൂലൈ 29നായിരുന്നു പുനരാരംഭിച്ചത്.
ഇന്ത്യയടക്കം കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ അനുവദിക്കുകയും മലയാളികളടക്കം ഒട്ടേറെ പേർ ഇതിനകം വിസ സ്വന്തമാക്കുകയും ചെയ്തു.