അരീക്കോട്ട് പ്രഭാത നിസ്കാരത്തിനിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Posted on: August 4, 2020 11:16 am | Last updated: August 4, 2020 at 11:16 am

അരീക്കോട് | ഇരട്ട കൊലപാതകം നടന്ന കീഴുപറമ്പ് കുനിയില്‍ വീണ്ടും കൊലപാതക ശ്രമം. പ്രഭാത നിസ്‌കാരത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവിന് വെട്ടേറ്റു. പറമ്പത്ത് കുട്ടി ഹസ്സന്‍ ഹാജിയുടെ മകന്‍ ബഷീറി (52)നാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്തയില്‍ കോഴിക്കോട് മെഡിക്കല്‍ കൊളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരീക്കോട് സി ഐ ദാസന്റെ നേതൃത്വത്തില്‍ പോലീസ് ബന്ധവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു(52), സഹോദരന്‍ ആസാദ് (40) എന്നിവരെ വെട്ടി കൊന്ന കേസിന്റെ വിചാരണ മഞ്ചേരി കോടതിയില്‍ നടന്ന് കൊണ്ടിരിക്കെയാണ് ഇന്ന് വീണ്ടും കൊലപാതക ശ്രമമുണ്ടായത്.

ഇരട്ട കൊലപാതകം നടന്ന് എട്ട് വര്‍ഷമായിട്ടും ഇവിടെ പോലീസ് പിക്കറ്റിംഗ് ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് 19 കാരണം പോലീസിന് ഭാരം കൂടിയതോടെ പോലീസ് പിക്കറ്റിംഗ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ബഷീറിനെ വെട്ടിയതില്‍ ഇരട്ട കൊലപാതക കേസുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.