Connect with us

Covid19

ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് കേന്ദ്രാനുമതി

Published

|

Last Updated

ന്യൂഡൽഹി| ഓക്‌സ്ഫഡ് സർവകലാശാലയും ബ്രിട്ടീഷ് വാക്‌സിൻ കമ്പനിയായ ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡി സി ജി ഐ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എസ് ഐ ഐ) അനുമതി നൽകി. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണമാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുക. ഇതിന് അനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജൂലൈ 25ന് ഡി സി ജി ഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. കൊവിഡ് പ്രതിരോധ വാക്‌സിൻ ഗവേഷണത്തിൽ ഏറ്റവും മുന്നിലുള്ള ഈ ഉത്പന്നം ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ വിജയിച്ചിരുന്നു.

പുണെ ആസ്ഥാനായ വൻകിട വാക്‌സിൻ നിർമാതാവായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇതിനോടകം വൻതോതിൽ പരീക്ഷണ വാക്‌സിൻ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇന്നലെ രാത്രിയാണ് ഡി ജി സി ഐ വാക്‌സിൻ പരീക്ഷണത്തിന് അനുമതി നൽകിയത്. ഡി സി ജി ഐ മേധാവി ഡോ. വി ജി സോമനി വാക്‌സിൻ പരീക്ഷണവുമായി മുന്നോട്ടു പോകാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്നാണ് പി ടി ഐ റിപ്പോർട്ട്. കൊവിഡ് 19 വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അനുമതി. മുൻപ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനും വാക്‌സിൻ പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു. ജൂലൈ 28ന് എസ് ഇ സി അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച എസ് ഐ ഐ പുതുക്കിയ നിർദേശ സമർപ്പിച്ചതായി അധികൃതർ അറിയിച്ചു. ചില അധിക വിവരങ്ങൾ തേടുന്നതിനൊപ്പം രണ്ട് മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായുള്ള പ്രോട്ടോക്കോൾ പരിഷ്‌കരിക്കാനും ആവശ്യപ്പെട്ടു. നിലവിൽ ഇതിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ യു കെയിലും മൂന്നാം ഘട്ടം ബ്രസീലിലും ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ദക്ഷിണാഫ്രിക്കയിലും നടക്കുന്നുണ്ട്.

വാക്‌സിൻ ഗവേഷണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും നാലാഴ്ചത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്‌സിനായിരിക്കും നൽകുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വാക്‌സിന്റെ സുരക്ഷയും കൊവിഡിനെതിരെ ശരീരത്തിൽ രൂപപ്പെടുന്ന പ്രതിരോധ ശേഷിയുമാണ് പരീക്ഷണത്തിലൂടെ പഠിക്കുന്നത്. രാജ്യത്തെ 17 കേന്ദ്രങ്ങളിലായി 18 വയസ്സിന് മുകളിലുള്ള 1,600 പേരിൽ പരീക്ഷണ വാക്‌സിൻ കുത്തിവെക്കുമെന്നാണ് റിപ്പോർട്ട്.

Latest