ആന്ധ്രാപ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച ഒന്‍പത് പേര്‍ മരിച്ചു

Posted on: July 31, 2020 5:34 pm | Last updated: July 31, 2020 at 5:34 pm

വിജയവാഡ | ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ കുരിചെഡു ഗ്രാമത്തില്‍ വെള്ളിയാഴ്ച സാനിറ്റൈസര്‍ കഴിച്ച് ഒമ്പത് പേര്‍ മരിച്ചു. 35 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്നും ഇവരില്‍ ഭൂരിഭാഗവും ഭിക്ഷക്കാരാണെന്നും പോലീസ് അറിയിച്ചു.

ബുധനാഴ്ച നാല് പേരും വ്യാഴാഴ്ച അര്‍ദ്ധരാത്രി മൂന്ന് പേരും മരിച്ചു. വെള്ളിയാഴ്ച നാല് പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഒന്‍പതായത്. പ്രാദേശിക ഫാര്‍മസി ഷോപ്പുകളില്‍ നിന്ന് പോലീസുകാര്‍ സാനിറ്റൈസര്‍ പിടിച്ചെടുത്ത് പരിശോധനക്കായി അയച്ചിട്ടുണ്ട്.

മരിച്ചവരെല്ലാം മദ്യത്തിന് അടിമകളായിരുന്നുവെന്നും പണവും മദ്യവും ലഭ്യമല്ലാത്തതിനാല്‍ സാനിറ്റൈസര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ഗ്രാമത്തിലെ 20ഓളം ആളുകള്‍ ഇത്തരത്തില്‍ സാനിറ്റൈസര്‍ കുടിച്ചിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.