അറഫാ സംഗമം സമാപിച്ചു; ഹാജിമാര്‍ മുസ്ദലിഫയില്‍

Posted on: July 30, 2020 11:25 pm | Last updated: July 30, 2020 at 11:26 pm

മക്ക | ഹജ്ജിന്റെ പുണ്യകര്‍മ്മമായ അറഫാ സംഗമത്തിന് സമാപനം. നിസ്‌കാരത്തിലും പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും പശ്ചാത്താപത്തിലുമായി രാവിലെ മുതല്‍ വൈകിട്ട് സൂര്യാസ്തമയം വരെ അറഫയില്‍ ചെലവഴിച്ച തീര്‍ഥാടകര്‍ രാപ്പാര്‍ക്കുന്നതിനായി മുസ്ദലിഫയിലേക്ക് നീങ്ങി. അറഫയില്‍ നിന്ന് പതിമൂന്ന് കിലോമീറ്റര്‍ അകലെയാണ് മുസ്ദലിഫ. ഇബ്രാഹിം നബി (അ) മിന്റയും മകന്‍ ഇസ്മാഈല്‍ നബി (അ) മിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി ഹാജിമാര്‍ വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കും.

അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കണമെന്നും, ഇബ്രാഹിം നബി(അ)മിന്റെയും ഇസ്മാഈല്‍ നബി(അ) മിന്റെയും ത്യാഗങ്ങള്‍ ജീവിതത്തില്‍ പാഠം ഉള്‍കൊള്ളണമെന്നും മസ്ജിദുന്നമിറയില്‍ നടന്ന അറഫാ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി ഷെയ്ഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅ പറഞ്ഞു. തിരുനബി (സ) തങ്ങളുടെ പാത പിന്‍പറ്റി ലോകത്ത് സമാധാനത്തിനും രക്ഷക്കും വേണ്ടി ജീവിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തിരുനബി (സ) തങ്ങള്‍ അവസാനമായി പങ്കെടുത്ത അറഫാ ദിനത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ അദ്ദേഹം ഖുതുബയില്‍ ഉണര്‍ത്തുകയും ചെയ്തു. 45 മിനുട്ട് കൊണ്ടാണ് അറഫാ ഖുതുബയും നിസ്‌കാരവും പൂര്‍ത്തിയാക്കിയത്.

കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചാണ് ഈ വര്‍ഷം അറഫാ സംഗമം ഹാജിമാര്‍ പൂര്‍ത്തിയാക്കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു അറഫയും പരിസര പ്രദേശങ്ങളും. അതിനാല്‍ ഹജ്ജ് തസ്രീഹ് (അനുമതി) പത്രം ഇല്ലാത്തവര്‍ക്ക് പ്രവേശന അനുമതി ഉണ്ടായിരുന്നില്ല.

മുസ്ദലിഫയില്‍ രാപാര്‍ക്കുന്ന ഹാജിമാര്‍ക്ക് ഈ വര്‍ഷം ഹജ്ജ് മന്ത്രാലയം കല്ലേറു കര്‍മത്തിനായി പ്രത്യേകം അണുവിമുക്ത കല്ലുകളാണ് നല്‍കുക. നേരത്തെ ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്നായിരുന്നു കല്ലുകള്‍ ശേഖരിച്ചിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാര്‍ ജംറത്തുല്‍ അഖബയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി, ശേഷം ബലി കര്‍മം നടത്തുകയും തലമുണ്ഡനം ചെയ്ത ശേഷം, ഇഹ്‌റാം വസ്ത്രം മാറുകയും ചെയ്യും. തുടര്‍ന്ന് കഅബയില്‍ ചെന്ന് ത്വവാഫും സഇയ്യും പൂര്‍ത്തിയാക്കിയ ശേഷം മിനായിലേക്ക് തിരിച്ചെത്തും.

അയ്യാമുത്തശ്രീകിന്റെ മൂന്നു ദിനങ്ങളിലും ഹാജിമാര്‍ മിനായില്‍ തന്നെ രാപ്പാര്‍ക്കും. മൂന്നു ജംറകളിലും കല്ലേറ് കര്‍മ്മം പൂര്‍ത്തിയാവുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തിയാകും.

വ്യാഴാഴ്ച പുലര്‍ച്ചയോടെ മക്കയിലും ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ നടക്കുന്ന മിനാ, അറഫാ , മുസ്ദലിഫ എന്നീ പ്രദേശങ്ങളിലും ശക്തമായ ഇനിമിന്നലോടെയുള്ള മഴ ലഭിച്ചത് പൊള്ളുന്ന ചൂടിന് ഏറെ ആശ്വാസമായി. കഴിഞ്ഞ ഒരുമാസക്കാലമായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.