കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് അഭിമാനകരം: മുഖ്യമന്ത്രി

Posted on: July 30, 2020 9:08 pm | Last updated: July 31, 2020 at 8:32 am

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതിയെ രാജ്യത്തിലെ തന്നെ മികച്ച മാതൃകയായി ദേശീയ മാനുഷിക വിഭവ വികസന മന്ത്രാലയം (എം എച്ച് ആര്‍ ഡി) വിശേഷിപ്പിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി. കേരളം നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നതിന് തെളിവാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ സംബന്ധിച്ച് എം എച്ച് ആര്‍ ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

ഡിജിറ്റല്‍ ക്ലാസ് റൂം, ഐ സി ടി ലാമ്പ്, ഓണ്‍ലൈന്‍ പ്രവേശനം, കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠനം, സമൂഹ പങ്കാളിത്തം തുടങ്ങി മന്ത്രാലയം നിര്‍ദേശിച്ച 16 മാനദണ്ഡങ്ങളില്‍ 15 എണ്ണവും കേരളം നേടിയിട്ടുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം നിജപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളില്‍ അഞ്ച് മണിക്കൂര്‍ വരെ നീളുന്ന ക്ലാസുകളാണ് ഓണ്‍ലൈനായി നടക്കുന്നത്. ചില കുട്ടികള്‍ക്ക് രണ്ട് മൂന്ന് മണിക്കൂര്‍ വരെ ടൂഷ്യനുമുണ്ട്. എല്ലാംകൂടി വരുമ്പോള്‍ ഏഴ് മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ ക്ലാസിലിരിക്കേണ്ട അവസ്ഥയുണ്ട്. ഇതുമൂലം കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, വികൃതി, ദേഷ്യം, സ്വഭാവ പ്രശ്‌നങ്ങള്‍, ആത്മവിശ്വാസക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായേക്കാം.

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലെ ഒരു നിശ്ചിത സമയം മാത്രം ക്ലാസ് നല്‍കാന്‍ സ്വകാര്യ മേഖല ശ്രദ്ധിക്കണം. എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളും ലൈവായി നടത്താനും തയാറാവണം. കുട്ടികള്‍ക്ക് പരസ്പരം ആശയവിനിമയത്തിന് അവസരമുണ്ടാകണം. ഒരോ സെഷനുകള്‍ തമ്മിലും അരമണിക്കൂര്‍ ഇടവേളയും കുട്ടികള്‍ക്ക് വിശ്രമ സമയവും നല്‍കണം. കുട്ടികള്‍ക്ക് നല്‍കുന്ന ഗൃഹപാഠം, അസൈന്‍മെന്റ് എന്നിവ കുറയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.