50 ലധികം കൊലപാതകപരമ്പരകളുടെ സൂത്രധാരനായ ആയുർവേദ ഡോക്ടർ അറസ്റ്റിൽ

Posted on: July 30, 2020 1:14 pm | Last updated: July 30, 2020 at 1:14 pm

ന്യൂഡൽഹി| കൊലപാതക പരമ്പരകളുടെ സൂത്രധാരൻ എന്നറിയപ്പെടുന്ന ആയുർവേദ ഡോക്ടർ അറസ്റ്റിൽ. കൊലക്കേസിൽ പരോൾ കാലാവധി കഴിഞ്ഞ ശേഷവും തിരികെ പോകാതെ ജനുവരിയിൽ ഒളിവിൽ പോയ ഡോക്ടർ ദേവേന്ദർ ശർമ ആണ് ഡൽഹിയിലെ ബാപ്രോള മേഖലയിൽ നിന്ന് പിടിയിലായത്. ഡൽഹി, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലായി 50 ട്രക്ക്, ടാക്‌സി ഡ്രൈവർമാരുടെ കൊലപാതകങ്ങളിൽ സൂത്രധാരൻ ഇയാളാണ്. നൂറിലധികം കൊലക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. ഡൽഹി, യു പി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയാണ് 62കാരനായ ദേവേന്ദർ ശർമ. ചൊവ്വാഴ്ചയാണ് ഡൽഹി ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് പുറമേ തട്ടിക്കൊണ്ടുപോകൽ കേസുകളിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകക്കേസിൽ രാജസ്ഥാനിലെ ജയ്പൂരിൽ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട് 16 വർഷം സെൻട്രൽ ജയിലിൽ കഴിഞ്ഞ ശേഷം ഈ വർഷം ജനുവരിയിലാണ് 20 ദിവസത്തെ പരോൾ ലഭിച്ചത്. എന്നാൽ പരോൾ കാലാവധി കഴിഞ്ഞ് തിരികെ പോകാതെ, ഒളിവിൽ പോകുകയായിരുന്നു. ബാംപ്രോളയിൽ വിധവയെ കല്യാണം കഴിച്ച് ഒളിവിൽ കഴിയുന്നതിനിടെയാണ് ഡോക്ടറെ കുറിച്ചുളള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. വസ്തു കച്ചവടത്തിൽ ഏർപ്പെട്ടിരിക്കേയാണ് അറസ്റ്റിലായത്.

2002-2004 വർഷങ്ങളിൽ നിരവധി കൊലപാതക കേസുകളിൽ ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും ഏഴ് കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഭർത്താവ് കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് തിരിച്ചറിഞ്ഞതോടെ, 2004ൽ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു.

ബിഹാറിലെ സിവാനിൽ നിന്ന് ബി എ എം എസ് പാസ്സായ ശർമ 1984ൽ ക്ലിനിക്ക് ആരംഭിച്ചു. പ്രാക്ടീസിനിടെ, ഗ്യാസ് ഡീലർഷിപ്പ് പദ്ധതിയിൽ 11 ലക്ഷം രൂപ നിക്ഷേപിച്ചു. തട്ടിപ്പിന് ഇരയായതോടെ വമ്പിച്ച സാമ്പത്തിക നഷ്ടം ഉണ്ടായി. തുടർന്ന് 1995ൽ വ്യാജ ഗ്യാസ് ഏജൻസിക്ക് ആരംഭിച്ചതിലൂടെയാണ് ശർമയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് 1994ൽ വൃക്ക മാറ്റിവെക്കൽ റാക്കറ്റ് ഉൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 2004ൽ ഗുഡ്ഗാവ് വൃക്ക റാക്കറ്റ് കേസിൽ ശർമയെയും മറ്റ് നിരവധി ഡോക്ടർമാരെയും അറസ്റ്റ് ചെയ്തു. 1994 മുതൽ 2004 വരെ 125ലധികം അനധികൃത വൃക്ക മാറ്റിവെക്കൽ നടത്തിയെന്നും ഇതിലൂടെ അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം രുപ വരെ ലഭിച്ചെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച മുതൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 50ലധികം കൊലപാതകക്കേസുകളിൽ പങ്കാളിയാണെന്ന് ദേവേന്ദർ ശർമ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. 50ന് ശേഷമുളള കൊലപാതകങ്ങൾ എണ്ണാറില്ലെന്നും ഇത് ഓർത്തിരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുളള കാര്യമാണെന്നും ശർമ മൊഴി നൽകിയതായി പൊലീസ് പറയുന്നു.