റെക്കോർഡുകൾ തകർത്ത് സ്വർണം കുതിപ്പ് തുടരുന്നു

Posted on: July 30, 2020 10:49 am | Last updated: July 30, 2020 at 2:17 pm

കോഴിക്കോട് | ദിനം പ്രതി റെക്കോർഡുകൾ തകർത്ത് മുന്നോട്ടു കുതിക്കുന്ന സ്വർണവില എട്ടാം ദിവസമായ ഇന്നും പുതിയ ഉയരം കുറിച്ചു. 320 രൂപ വർധിച്ച് ഇന്ന് ഒരു പവൻ സ്വർണവില 39,720 രൂപയായി. ഗ്രാം വില 45 രൂപ കൂടി 4,965 രൂപയായി. നേരത്തെ തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ കഴിഞ്ഞ ഒരാഴ്ചയായി വർധന തുടരുകയാണ്. 13 ദിവസം കൊണ്ട് പവന് 3,400 രൂപയോളമാണ് വർധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36,160 രൂപയായിരുന്നു. ഒരു ഘട്ടത്തിൽ 35,800 രൂപയിലേക്ക് താഴ്ന്ന് പിന്നീടുള്ള ദിവസങ്ങളിൽ പടിപടിയായി ഉയർന്നാണ് പുതിയ ഉയരം കുറിച്ചത്.

കൊവിഡ് പ്രതിസന്ധിയിൽ മറ്റ് വിപണികളിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. യു എസ്-ചൈന സംഘർഷം മുറുകുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.