Connect with us

Kerala

EXCLUSIVE: കലക്ടറുടെ അനുമതിയുണ്ടെന്ന വ്യാജേന ഭാരതപ്പുഴയില്‍ വന്‍ മണലൂറ്റല്‍

Published

|

Last Updated

കലക്ടറുടെ ഉത്തരവ് പ്രകാരം മണല്‍ത്തിട്ടകള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികളുടെ അറിയിപ്പ് എന്ന വ്യാജേന പുഴയില്‍ സ്ഥാപിച്ച ബോര്‍ഡ്

തൃത്താല | ജില്ലാ കലക്ടറുടെ അനുമതിയോടെയെന്ന വ്യാജേന ഭാരതപ്പുഴയില്‍ വന്‍ മണലൂറ്റല്‍. തൃത്താല വെള്ളിയാങ്കല്ല് പുഴയില്‍ പ്രളയനാന്തരം അടിഞ്ഞുകൂടിയ മണല്‍തിട്ടുകളാണ് വ്യാജ അനുമതിയുടെ മറവില്‍ സ്വകാര്യ ലോബി നീക്കം ചെയ്യുന്നത്. ഇതുസംബന്ധിച്ച് ഭാരതപ്പുഴ സംരക്ഷണ സമിതി പാലക്കാട് കലക്ടറേറ്റിൽ നല്‍കിയ വിവരാവകാശക്കുള്ള മറുപടിയിലാണ് യാതൊരു അനുമതിയുമില്ലാതെയാണ് മണലൂറ്റലെന്ന് വ്യക്തമായത്.

എം/എസ് പിജി കണ്‍സ്ട്രക്ഷന്‍സ് എന്ന കരാര്‍ സ്ഥാപനമാണ് വെള്ളിയാങ്കല്ല് പുഴയില്‍ നിന്ന് മണലൂറ്റല്‍ നടത്തുന്നത്. പുഴയില്‍ നിന്ന് മണല്‍ നീക്കം ചെയ്യുന്നതിന്റെ ആദ്യഘട്ടമായി “വെള്ളിയാങ്കല്ല് ജലസംഭരണിയില്‍ നിന്നും മണല്‍ തിട്ടുകള്‍ മാറ്റുന്ന പ്രവര്‍ത്തി” എന്ന തലക്കെട്ടോടെ ജില്ല കളക്ടറുടെ ഉത്തരവ് നമ്പര്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ചു. തുടര്‍ന്ന് പുഴയിലേക്കുള്ള കാല്‍നട വഴി അടച്ചു. മണല്‍ തിട്ടുകള്‍ നീക്കാനുള്ള പ്രാരംഭ പ്രവര്‍ത്തികളുടെ ഭാഗമായി പുഴയുടെ സമീപത്ത് താത്കാലിക ഓഫീസ് പണിയുകയും (സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെ)ഹിറ്റാച്ചി തുടങ്ങിയവ കൊണ്ട് മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനെതിരെ ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുഴയില്‍ വെച്ച് സമരം നടന്നിരുന്നു. എന്നാല്‍ കലക്ടറുടെ ഉത്തരവുണ്ടെന്ന പേരില്‍ അവിടെ പ്രവൃത്തികള്‍ തുടരുകയായിരുന്നു.

ഇതിനിടയിലാണ് ഭാരതപ്പുഴ സംരക്ഷണ സമിതി കലക്ടറേറ്റില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. അപേക്ഷക്കുള്ള മറുപടിയില്‍ ഇത്തരത്തില്‍ യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഭാരതപ്പുഴയില്‍ നിന്ന് മണല്‍ എടുക്കുന്നത് മായി ബന്ധപ്പെട്ടത് നിലവില്‍ CWRDN എന്ന ഏജന്‍സിയില്‍ നിന്ന് ലഭ്യമായതായി കാണുന്നില്ലെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.

ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ വിവരാവകാശത്തിന് ലഭിച്ച മറുപടി

മണല്‍/ചെളി തുടങ്ങിയവ എടുക്കുന്നത് മായി ബന്ധപ്പെട്ട് മേല്‍ പ്രകാരമുള്ള ഒരു ഏജന്‍സിയില്‍ നിന്നും ഒരു റിപ്പോര്‍ട്ടും ഈ കാര്യാലയത്തില്‍ എത്തിയിട്ടില്ല, പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയില്‍ നിന്ന് മണല്‍ എടുക്കുന്നതിനുള്ള അനുമതിക്ക് വേണ്ടി പ്രാരംഭ നടപടികള്‍ മാത്രമേ നിലവില്‍ സ്വീകരിച്ചിട്ടുള്ളൂ. നിലവില്‍ ലേല നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നുമാണ് വിവരാവകാശ മറുപടിയില്‍ പറയുന്നത്. ഇതോടെ വെള്ളിയാങ്കല്ല് പുഴയില്‍ നടക്കുന്ന മണലൂറ്റല്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമായതായി ഭാരതപ്പുഴ സംരക്ഷണ സമിതി കോര്‍ഡിനേറ്റര്‍ ഹുസൈന്‍ തട്ടത്താഴത്ത് സിറാജ്‌ലൈവിനോട് പറഞ്ഞു.

Latest