National
ഹെൽമെറ്റ് ധരിച്ചില്ല; താക്കോൽ യുവാവിന്റെ നെറ്റിയിൽ കുത്തി കയറ്റി, മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

ഡെറാഡൂൺ| ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ യുവാവിന്റെ നെറ്റിയിലേക്ക് താക്കോൽ കുത്തിയിറക്കിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗർ ജില്ലയിലെ രുദ്രാപൂർ നഗരത്തിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സംഭവം.
സുഹൃത്തുമായി ബൈക്കിൽ വരികയായിരുന്ന യുവാവിനാണ് ഗുരുതര പരുക്കേറ്റത്. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന്റെ പേരിൽ വഴിമധ്യേ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ബൈക്ക് തടഞ്ഞു. തുടർന്ന് നടന്ന വാക്തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ നിന്ന് താക്കോൽ വലിച്ചൂരി നെറ്റിയിൽ കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും പ്രകോപിതരായ നാട്ടുകാർ രുദ്രാപൂർ പോലീസ് സ്‌റ്റേഷന് നേരേ കല്ലെറിയുകയും ചെയ്തു. പോലീസ് നടപടി വിവാദമായതോടെ പ്രദേശത്തെ എം എല്‍ എ രാജ്കുമാര്‍ തുക്രാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പോലീസ് സൂപ്രണ്ട് ദലീപ് സിംഗ് കുൻവാർ വ്യക്തമാക്കി.