Connect with us

National

24 മണിക്കൂറിനിടയിൽ ഒരു ലക്ഷം കൊവിഡ് പരിശോധന നടത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്

Published

|

Last Updated

ലഖ്‌നൗ| 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്. 24 മണിക്കൂറിനിടെ ഒരു ലക്ഷം പരിശോധനയാണ് ഉത്തർപ്രദേശിൽ നടത്തിയത്. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തിലും ഉത്തർപ്രദേശ് മഹാരാഷ്ട്രയെ മറികടന്നു.

ഒരു മണിക്കൂറിനുള്ളിൽ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റാണ് ജനങ്ങളിൽ നടത്തിയത്. ജൂലൈ 27 വരെയുള്ള കണക്കുകളനുസരിച്ച് ഉത്തർപ്രദേശിൽ ഇതുവരെ 19.41 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. മഹാരാഷ്ട്രയിൽ 19.25 ലക്ഷം പരിശോധനകളാണ് നടത്തിയത്. ജൂലൈ 18 വരെ 15 ലക്ഷം ആളുകളെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ചുരുങ്ങിയ ദിവസംകൊണ്ട് നാല് ലക്ഷം പരിശോധനകളാണ് നടത്തിയതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കേസുകളുടെ എണ്ണം വർധിപ്പിച്ചത് വഴി കൊവിഡ് പോസിറ്റീവിറ്റി നിരക്ക് കുറക്കാൻ സാധിച്ചതായി ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് പറയുന്നു. നിലവിൽ 3 മുതൽ നാല് ശതമാനം വരെയാണ് കൊവിഡ് പോസിറ്റീവിറ്റി നിരക്ക്. കൂടുതൽ പരിശോധനകൾ നടത്തി കൊവിഡ് വ്യാപനം തടയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ 26,204 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 70,000ലധികം ആളുകൾക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 42,833 പേർ രോഗമുക്തരായി. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഇപ്പോൾ ആന്റിജൻ പരിശോധന തുടങ്ങിയിട്ടുണ്ട്. അതിനാൽ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് എല്ലാ ദിവസവും കൂടുതൽ പരീക്ഷണം നടത്താൻ അവർക്ക് കഴിയുന്നുണ്ട്.