National
റാഫേൽ വിമാനങ്ങളുടെ ആദ്യ ബാച്ച് യു എ ഇയിലെത്തി; നാളെ ഇന്ത്യയിലെത്തും

ന്യൂഡൽഹി| ഇന്ത്യയിലേക്ക് പുറപ്പെട്ട റാഫേൽ വിമാനങ്ങളുടെ ആദ്യ ബാച്ച് യു എ ഇയിലെ ഫ്രഞ്ച് എയർബേസിൽ എത്തി. നാളെ ഇന്ത്യയിലെത്തുന്ന യുദ്ധവിമാനങ്ങളെ അംബാലയിലെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി ഔദ്യോഗികമായി ഉൾപ്പെടുത്തും. ഫ്രഞ്ച് വ്യോമയാന കമ്പനിയായ ദസോ നിർമിച്ച യുദ്ധവിമാനങ്ങൾ തെക്കൻ ഫ്രാൻസിലെ ബോർഡോക്‌സിലെ മെറിഗ്നാക് വ്യോമതാവളത്തിൽ നിന്ന് ഇന്നലെയാണ് പുറപ്പെട്ടത്. തുടർന്ന് ഏഴ് മണിക്കൂറിലേറെ നീണ്ട 7000 കിലോമീറ്റർ യാത്രക്ക് ശേഷം ഇന്നലെ രാത്രിയോടെ യു എ ഇയിലെ അൽ ദാഫ്ര വ്യോമതാവളത്തിൽ സുരക്ഷിതമായി ഇറങ്ങി. ഇന്ധനം നിറക്കാനും പൈലറ്റുമാരുടെ സമ്മർദം കുറക്കാനുമായാണ് യു എ ഇയിൽ ഇറക്കിയത്. പതിനേഴാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിക്കുക. ഏഴ് പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്. വിദഗ്ധ പരിശീലനം ലഭിച്ച 12 വ്യോമസേനാ പൈലറ്റുമാരും എൻജിനീയറിംഗ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ട്.
36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനായി 58,000 കോടി രൂപയുടെ കരാർ 2016ൽ ലാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പുവച്ചത്. ഇതിൽ 10 സെറ്റുകളാണ് ദസോ ഏവിയേഷൻ കമ്പനി ഇന്ത്യക്ക് കൈമാറിയത്. ഇതിൽ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാൻസിൽ തന്നെയാണുള്ളത്. അഞ്ച് എണ്ണമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ആദ്യ സെറ്റിലുള്ളത്. 2021 അവസാനത്തോടെ 36 വിമാനങ്ങളും ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യ- ചൈന അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് രാജ്യത്തിന് സ്വന്തമാകുന്നത് സേനക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ രണ്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റാഫേൽ വിമാനങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് ഫ്രാൻസിനോട് ആവശ്യപ്പെട്ടിരുന്നു.
യൂറോപ്യൻ മിസൈൽ നിർമാതാക്കളായ എം ബി ഡിഎയുടെ മെറ്റിയർ, വിഷ്വൽ റേഞ്ചിൽ നിന്ന് എയർ ടു എയർ മിസൈൽ, സ്‌കാൽപ് ക്രൂയിസ് മിസൈൽ എന്നിവയാണ് റാഫേൽ ജെറ്റുകളുടെ ആയുധ പാക്കേജിന്റെ പ്രധാന ആകർഷണം. വായുവിൽ നിന്ന് വായുവിലേക്ക് ആക്രമണം നടത്താൻ കഴിയുന്നവിധം രൂപകൽപ്പന ചെയ്ത ബി വി ആർ എയർ ടുഎയർ മിസൈലിനെ (ബി വി ആർ എം) വഹിക്കാനും ശേഷിയുണ്ട്.
മിസൈൽ സംവിധാനങ്ങൾ കൂടാതെ, ഇസ്റാഈലി ഹെൽമെറ്റ് ഘടിപ്പിച്ച ഡിസ്‌പ്ലേകൾ, റഡാർ മുന്നറിയിപ്പ് റിസീവറുകൾ, ലോബാൻഡ് ജാമറുകൾ, 10 മണിക്കൂർ ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡിംഗ്, ഇൻഫ്രാ റെഡ് സെർച്ച്, ട്രാക്കിംഗ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ നിർദ്ദിഷ്ട പരിഷ്‌ക്കരണങ്ങളും റാഫേൽ വരുത്തിയിട്ടുണ്ട്.
36 റാഫേൽ ജെറ്റുകളിൽ 30 എണ്ണം യുദ്ധവിമാനങ്ങളും ആറെണ്ണം പരിശീലനത്തിനുള്ളതും ആയിരിക്കും. ട്രെയിനർ ജെറ്റുകൾ ഇരട്ട സീറ്റർ ആയിരിക്കും. അവർക്ക് യുദ്ധവിമാനങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടാകും.