Connect with us

Editorial

പാഠപുസ്തകത്തിലെ ‘രാജ്യദ്രോഹം'

Published

|

Last Updated

കോഴിക്കോട് സര്‍വകലാശാലയുടെ ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയിലെ അരുന്ധതി റോയിയുടെ “കം സെപ്തംബര്‍” എന്ന ലേഖനം വര്‍ഗീയവും ക്യാമ്പസുകളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നതുമാണത്രെ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്‌കൂള്‍, കോളജ് സിലബസുകള്‍ ഹിന്ദുത്വവത്കരിക്കുകയും വര്‍ഗീയവത്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ബി ജെ പിയാണ് ഈ ആരോപണവുമായി രംഗത്തു വന്നത്. 2002ല്‍ അരുന്ധതി റോയി അമേരിക്കയില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ ലിഖിത രൂപമായ ഈ പാഠത്തില്‍ കശ്മീരില്‍ നടക്കുന്ന ഭരണകൂട ഭീകരതയെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇതാണ് ബി ജെ പിയെ രോഷാകുലരാക്കുന്നത്. ഇത് രാജ്യദ്രോഹപരമാണെന്നും പാഠ്യപദ്ധതിയില്‍ അത് ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നു. സംഘ്പരിവാറിന്റെ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘവും “കം സെപ്തംബര്‍” പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കശ്മീരുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്നതിനെ ചൊല്ലി നേരത്തേ തന്നെ ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടാണ് അരുന്ധതി.

കശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനവും ഭരണകൂട ഭീകരതയുമാണെന്നു പറഞ്ഞത് അരുന്ധതി മാത്രമല്ല. ആഗോള മനുഷ്യാവകാശ സംഘടനകളും കശ്മീര്‍ സന്ദര്‍ശിച്ച വിദേശ പ്രതിനിധി സംഘടനകളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദം ആരോപിച്ച് നിരപരാധികളായ കശ്മീരികളെ വെടിവെച്ചു കൊല്ലുന്നതും തടവറകളില്‍ അടച്ചിടുന്നതും സൈന്യത്തിനൊരു ക്രൂരവിനോദമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സൈന്യം കൊന്നൊടുക്കിയത് നിരവധി കശ്മീരികളെയാണ്. യുവാക്കളെ പിടിച്ചുകൊണ്ടുപോയി തോക്കിനിരയാക്കിയ ശേഷം ഏറ്റുമുട്ടല്‍ മരണമെന്ന് പ്രചരിപ്പിക്കും. നിരായുധരായ പൗരന്മാര്‍ക്ക് നേരേ സൈന്യം ഉപയോഗിക്കുന്നത് യുദ്ധഭൂമികളില്‍ പോലും നിരോധിക്കപ്പെട്ട അപകടകരമായ പെല്ലെറ്റ് തോക്കുകളാണ്. 1990 മുതല്‍ 2011 വരെയുള്ള 21 വര്‍ഷത്തിനിടെ കശ്മീരില്‍ 43,550 പേര്‍ കൊല്ലപ്പെട്ടതായും ഇവരില്‍ ഗണ്യമായൊരു ഭാഗം തീവ്രവാദ വേട്ടയുടെ മറവില്‍ സൈന്യത്തിന്റെ തോക്കിനിരയായ നിരപരാധികളാണെന്നുമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷനലിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫലസ്തീനികളോട് ഇസ്‌റാഈല്‍ സൈന്യം നടത്തുന്നതിന് സമാനമാണ് കശ്മീരികളോടുള്ള സുരക്ഷാ സൈന്യത്തിന്റെ സമീപനമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2011ല്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നമായി പറഞ്ഞത് കശ്മീരാണ്. ബ്രിട്ടന്‍ പാര്‍ലിമെന്റും അടുത്തിടെ ഇക്കാര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇതൊക്കെ തന്നെയല്ലേ അരുന്ധതി റോയിയും പറഞ്ഞത്.
കോഴിക്കോട് സര്‍വകലാശാല അസോ. പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. കെ എം ശരീഫിന്റെ ഈ വിഷയകമായുള്ള പ്രതികരണം ശ്രദ്ധേയമാണ്. ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ എഴുത്തുകാരിയുമായ അരുന്ധതി റോയി രാജ്യത്തെ മികച്ച ബൗദ്ധിക സാന്നിധ്യമാണ്. മുമ്പ് വൈസ് ചാന്‍സലറെ ഭീഷണിപ്പെടുത്തി “ഓഡ് ടു ദ സീ” എന്ന കവിത പിന്‍വലിപ്പിച്ചതു പോലെ അരുന്ധതിയുടെ “കം സെപ്തംബര്‍” പിന്‍വലിപ്പിക്കാമെന്ന്

പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അദ്ദേഹം സംഘ്പരിവാര്‍ പ്രഭൃതികളെ ഓര്‍മിപ്പിച്ചത്. 2013ലാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള “ലിറ്ററേച്ചര്‍ ആന്‍ഡ് കണ്ടമ്പററി ഇഷ്യൂസ്” (സമകാലിക സംഭവങ്ങളും സാഹിത്യവും) എന്ന പാഠപുസ്തകത്തില്‍ നിന്ന് ഇബ്‌റാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ “ഓഡ് ടു ദ സീ” എന്ന കവിത പിന്‍വലിച്ചത്. അതിന്റെ രചയിതാവ് “അല്‍ഖാഇദ” തീവ്രവാദിയാണെന്നാരോപിച്ച് ഒരു പ്രമുഖ മലയാള പത്രം രംഗത്തു വരികയും സംഘ്പരിവാര്‍ അതേറ്റു പിടിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതക്കിരയായി ഗ്വാണ്ടനാമോ തടവറയില്‍ കഴിയേണ്ടി വന്നു എന്നതാണ് റുബായിഷില്‍ തീവ്രവാദം ആരോപിക്കാനിടയാക്കിയത്. 2007ല്‍ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച “പോയംസ് ഫ്രം ഗ്വാണ്ടനാമോ” എന്ന കവിതാ സമാഹാരത്തില്‍ നിന്നാണ് റുബായിഷിന്റെ കവിത ഇംഗ്ലീഷ് പഠനവകുപ്പ് തിരഞ്ഞെടുത്തത്. ലോകപ്രശസ്തമായ പെന്‍ഗ്വിന്‍ ബുക്‌സിന് എന്തുകൊണ്ടാണ് റുബായിഷിന്റെ തീവ്രവാദ ബന്ധം ബോധ്യപ്പെടാതിരുന്നത്? പാക്കിസ്ഥാനില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് അമേരിക്കയുടെ കൂലിപ്പട്ടാളം റുബായിഷിനെ പിടികൂടുന്നതെന്നും യുദ്ധങ്ങളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയായിരുന്നു റുബായിഷെന്നുമാണ് പുസ്തകത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫാല്‍ക്ക് പറയുന്നത്. മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള മികച്ച സൃഷ്ടിയെന്ന നിലയിലാണ് അക്കാദമിക രംഗത്തെ പ്രമുഖര്‍ അന്ന് ഈ കവിത യൂനിവേഴ്‌സിറ്റി പാഠപുസ്തകത്തിലേക്ക് തിരഞ്ഞെടുത്തത്. പ്രമുഖ സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരും കവിത പിന്‍വലിച്ച നടപടിക്കെതിരെ അന്ന് ശക്തിയായി പ്രതിഷേധിച്ചിരുന്നു.

സംഘ്പരിവാര്‍ സംഘടനക്ക് കശ്മീര്‍ പ്രശ്‌നം ഒരു വര്‍ഗീയ അജന്‍ഡയും രാഷ്ട്രീയ മുതലെടുപ്പും മാത്രമാണ്. സര്‍ക്കാറിന്റെ വികല നയങ്ങളെയും സൈന്യത്തിന്റെ ക്രൂരതകളെയും അവര്‍ക്ക് കണ്ടില്ലെന്നു നടിക്കാനായേക്കാം. എന്നാല്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും വസ്തുതാന്വേഷണ സംഘടനകള്‍ക്കും മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരു ഇന്ത്യന്‍ പൗരനും കശ്മീരിലെ അരക്ഷിതരും അസ്വസ്ഥരുമായ യുവ സമൂഹത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. അവിടുത്തെ മാതാക്കളുടെയും ഭാര്യമാരുടെയും കണ്ണുനീര്‍ കാണാതിരിക്കാന്‍ ആകില്ല. കശ്മീരിന്റെ യഥാര്‍ഥ ചിത്രം തുറന്നു കാണിക്കാന്‍ ജനാധിപത്യപരമായി അവര്‍ക്ക് അവകാശമുണ്ട്. ഈ നിലപാടിനോട് വിയോജിപ്പുണ്ടെങ്കില്‍ ബി ജെ പിക്കും സംഘ്പരിവാറിനും അത് പ്രകടിപ്പിക്കാം. അതിനപ്പുറം, ഭരണകൂട ഭീകരതയെ തുറന്നു കാട്ടുന്നതിനെ രാജ്യദ്രോഹമായി ആരോപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണമാണ്, ഫാസിസമാണ്.