International
വിസാ തട്ടിപ്പ് ആരോപണം: മൂന്ന് ചൈനീസ് പൗരന്മാർ യു എസിൽ അറസ്റ്റിൽ

വാഷിംഗ്ടൺ| വിസാ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് ചൈനീസ് പൗരന്മാരെ അമേരിക്ക അറസ്റ്റ് ചെയ്തു. ചൈനീസ് സായുധസേനകളിലെ അംഗത്വം സംബന്ധിച്ച വിവരം മറച്ചു വെച്ചെന്നാണ് ആരോപണം.
എഫ് ബി ഐ ആണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈനീസ് ശാസ്ത്രജ്ഞനായ മറ്റൊരു പൗരൻ സാൻഫ്രാൻസിസ്‌കോയിലെ ചൈനീസ് കോൺസുലേറ്റിലാണുള്ളത്. ഇതുമൂലം ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ചൈനീസ് സൈന്യവുമായി അപ്രഖ്യാപിത ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ യു എസിലെ 25 നഗരങ്ങളിലായി എഫ് ബി ഐ ഏജന്റുമാർ ചോദ്യം ചെയ്തു. ആർമി സയന്റിസ്റ്റുകളെ യു എസിലേക്ക് എത്തിക്കാനുള്ള ചൈനയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്ന് യു എസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി എൽ എ) അംഗങ്ങൾ സൈന്യവുമായുള്ള ബന്ധം മറച്ചുവച്ച് ഗവേഷക വിസകൾക്ക് (റിസർച്ച് വിസ) അപേക്ഷിക്കുന്നുണ്ടെന്ന് യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറ്റോണിയായ ജോൺ സി ഡെമേർസ് വാർത്താക്കുറിപ്പിൽ ആരോപിച്ചു. യുഎസിലെ തുറന്ന സമൂഹത്തിന്റെ സാധ്യതകളും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ചൂഷണം ചെയ്യാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വിവരങ്ങൾ മറച്ചുവെച്ച് വിസ നേടാൻ ശ്രമിക്കുന്നതിതെന്ന് മേർസ് പറഞ്ഞു.