Kerala
സ്വര്‍ണക്കടത്ത്: എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ചോദ്യം ചെയ്യയിലേക്ക് നയിച്ചത്. ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍ എന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് എതിരായ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘടത്തിന് ലഭിച്ചിട്ടുണ്ട്. ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപമുള്ള ഫഌറ്റില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതായി എന്‍ഐഎക്ക് വ്യക്തമായിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്.
തീവ്രവാദ ബന്ധമുള്ള ഒരു കേസിൽ ഇതാദ്യമായാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന് എതിരെ എൻഐഎക്ക് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശിവശങ്കറിൻെറ മൊഴികളിലുള്ള വെെരുദ്ധ്യം ഉൾപ്പെടെ വിഷയങ്ങൾ നേരത്ത പുറത്തുവന്നിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് നേരത്തെ കസ്റ്റംസിൻെറ ചോദ്യം ചെയ്യലിൽ വിഷയമായിരുന്നത്. എന്നാൽ കേസിൻെറ തീവ്രവാദ ബന്ധം ഉൾപ്പെടെ വിഷയങ്ങളാണ് എൻഐഎ പരിഗണിക്കുന്നത്. ഈ നിലയിൽ ഇന്നത്തെ ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്.
വെെകീട്ട് നാല് മണിയോടെയാണ് പൂജപ്പുരയിലെ വസതിയിൽ നിന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ശിവശങ്കർ പേരൂർക്കട പോലീസ് ക്ലബിൽ എത്തിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു നടപടി. കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. രാവിലെ ഒമ്പതുമണിയോടെയാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നല്‍കാന്‍ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലേക്ക് എന്‍ഐഎ ഉദ്യോഗസ്ഥനെത്തിയത് സ്‌കൂട്ടറിലായിരുന്നു. തുടര്‍ന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറില്‍ ശിവശങ്കര്‍ പോലീസ് ക്ലബ്ബിലേക്ക് തിരിക്കുകയായിരുന്നു.
ചോദ്യം ചെയ്യൽ ഏറെ നേരം നീണ്ടുനിന്നേക്കും. കഴിഞ്ഞ തവണ കസ്റ്റംസ് ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടിരുന്നു.