National
വിവാഹിതരായ പെണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് പഞ്ചാബ് ഹൈക്കോടതി

ചണ്ഡിഗഡ്| വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. വിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് അത് നിഷേധിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജോലിയിലിരിക്കെ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വിവാഹിതയായ മകള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പിതാവിന്റെ ജോലി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ അമര്‍ജിത് കൗര്‍ ഹരിയാന ഹൈക്കോടതയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. കൗറിന്റെ പിതാവ് 2008ലാണ് മരിക്കുന്നത്. തുടര്‍ന്ന് പിതാവിന്റെ ജോലി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2009ലാണ് അവര്‍ കോടതയില്‍ ഹരജി ഫയല്‍ ചെയ്തത്.
2004ല്‍ വിവാഹിതയായ കൗര്‍ വിവാഹത്തിന് ശേഷം കൗര്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പിതാവിന്റെ വസതിയിലാണ് കഴിയുന്നത്. കൗര്‍ വിവാഹിതയായതിനാല്‍ ജോലി നല്‍കാന്‍ കഴിയില്ലെന്ന് 2015ല്‍ ഡി ജിപി അറിയിച്ചിരുന്നു. വിവാഹിതരാണെന്ന കാരണത്താലോ ലിംഗഭേഗത്തിന്റെ അടിസ്ഥാനത്തിലോ പൗരന്‍മാരെ വേര്‍തിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
വിവാഹശേഷം ആണ്‍കുട്ടികള്‍ എങ്ങനെയാണോ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നത് അത്‌പോലെ തന്നെ കുടുംബത്തിന്റെ ഭാഗമാണ് പെണ്‍കുട്ടികളെന്നും കോടതി പറഞ്ഞു.