ശ്രീ പത്മനാഭസ്വാമി ക്ഷേത്രം:തുടര്‍ ചലനങ്ങളുണ്ടാക്കുന്ന വിധി

ആചാരങ്ങളുടെ സാംഗത്യം ചോദ്യം ചെയ്തു കൊണ്ടുള്ള കോടതി വിധികളും അവയുടെ നടപ്പാക്കലുമൊക്കെ പ്രക്ഷുബ്ധത സൃഷ്ടിക്കുന്ന നാടാണ് കേരളം. പത്മനാഭസ്വാമി ക്ഷേത്ര വിധി ഇന്ത്യന്‍ നീതിന്യായ രംഗത്ത് പഠനാര്‍ഹമായ തുടര്‍ ചലനങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
Posted on: July 15, 2020 4:05 am | Last updated: July 15, 2020 at 2:02 am

അവസാനത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ 1991 ജൂലൈ 19ന് അന്തരിച്ചതിന് ശേഷമാണ് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍ ഏഴേക്കറില്‍ പരന്നു കിടക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സംബന്ധിച്ചും സ്വത്തിനെ സംബന്ധിച്ചുമൊക്കെ വ്യവഹാരങ്ങള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ ചില ജോലിക്കാര്‍, വിശ്വാസികള്‍ എന്നിവര്‍ ക്ഷേത്ര ഭരണത്തിലെ വീഴ്ചകള്‍ ഉന്നയിച്ചുകൊണ്ട് കീഴ്‌ക്കോടതികളില്‍ നല്‍കിയ ഹരജികളില്‍ തുടങ്ങിയ നിയമ പോരാട്ടം, നിലവറകള്‍ തുറക്കുന്നതില്‍ നിന്ന് മുന്‍ രാജകുടുബത്തെയും ഭരണ സമിതിയെയും വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പിന്നീട് രാജകുടുംബത്തിന് ക്ഷേത്ര ഭരണത്തില്‍ അവകാശമില്ലായെന്നാരോപിച്ചുമൊക്കെ സുപ്രീം കോടതി വരെ നീണ്ടു.

2009ല്‍ ടി പി സുന്ദര രാജന്‍ എന്ന വ്യക്തി ഗുരുവായൂര്‍ മാതൃകയില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണമെന്നും ക്ഷേത്രം സംരക്ഷിത സ്മാരകമാക്കാന്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി. 2010ല്‍ നിലവറകള്‍ തുറക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും പകരം സംവിധാനം ഏര്‍പ്പാടാക്കുകയും ചെയ്ത കീഴ്‌ക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ ഹൈക്കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ ഘടനയുടെ 228ാം അനുഛേദ പ്രകാരം രാജകുടുംബം റിട്ട് ഹരജി നല്‍കുകയും ചെയ്തു. ഇത് രണ്ടുമാണ് കേസിലെ പ്രധാന വഴിത്തിരിവുകള്‍.
തുടര്‍ന്നാണ് 2011ല്‍ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നിര്‍വഹണത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരു ട്രസ്റ്റോ അല്ലെങ്കില്‍ നിയമപരമായ മറ്റ് ഭരണ സംവിധാനമോ രൂപവത്കരിക്കണമെന്നും മുഴുവന്‍ നിലവറകളും തുറന്ന് അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തണമെന്നും ഈ അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനത്തിന് ക്ഷേത്ര പരിസരത്ത് ഒരു മ്യൂസിയം ഉണ്ടാക്കണമെന്നും നിര്‍ദേശിച്ച് ജസ്റ്റിസ് സി എന്‍ രാമചന്ദ്രനും കെ സുരേന്ദ്ര മോഹനും അടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി വരുന്നത്. മുന്‍ രാജ കുടുംബത്തിന് ആറാട്ട് ഘോഷയാത്ര പോലെയുള്ള കാര്യങ്ങളില്‍ പ്രാതിനിധ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്ര ഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. കാലങ്ങളായി തങ്ങളുടെ കീഴിലാണ് ക്ഷേത്ര ഭരണമെന്നും പത്മനാഭ ദാസന്‍ എന്ന നിലയില്‍ ഭരണം തുടരാന്‍ തങ്ങളെ അനുവദിക്കണമെന്നുമായിരുന്നു മുന്‍ രാജകുടുംബത്തിന്റെ വാദം. ഒരു ദേവസ്വം ബോര്‍ഡിന്റെയും അധികാര നിയന്ത്രണത്തില്‍ വരുന്നതല്ല പത്മനാഭസ്വാമി ക്ഷേത്രമെന്നും 1949ലെ കവനന്റ് പ്രകാരം തിരുവിതാംകൂര്‍ ഭരണാധികാരിക്ക് കീഴിലാണ് ട്രസ്റ്റ് എന്നും 1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ ചട്ടപ്രകാരം ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയില്‍ നിക്ഷിപ്തമാണെന്നും രാജകുടുംബം വാദിച്ചു. ഭരണഘടനയുടെ 362ാം അനുഛേദത്തില്‍ കവനന്റ് വ്യവസ്ഥകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടെന്നും ഇത് അംഗീകരിച്ച് ക്ഷേത്രഭരണം നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു മുന്‍ രാജകുടുംബത്തിന്റെ വാദം.

ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ലെന്നും, എന്നാല്‍ ചരിത്രപരമായും ആചാരപരമായും ഏറെ പ്രത്യേകതകളുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശം മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രാജകുടുംബം കോടതിയില്‍ ബോധിപ്പിച്ചു.
പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നതെങ്കിലും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തുകയും പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹരജികള്‍ കേള്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
തുടര്‍ന്ന് കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി, നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്താനും ക്ഷേത്ര സുരക്ഷക്ക് കൂടുതല്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്താനും ഉത്തരവിട്ടു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറ് നിലവറകളാണ്. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ, എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവയാണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്കെടുത്തിട്ടുണ്ട്. എ നിലവറയില്‍ കണക്കെടുത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്‌നങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍ എന്നിവ എ നിലവറയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവും വന്നു. മുമ്പ് ഉണ്ടായിരുന്ന നിരീക്ഷണ സമിതിയെ ഒഴിവാക്കിയ സുപ്രീം കോടതി അഞ്ചംഗ വിദ്ഗധ സമിതി ഉണ്ടാക്കി. ഈ സമിതിക്ക് മുകളില്‍ മൂന്നംഗ മേല്‍നോട്ട സമിതിയും ഉണ്ടാക്കി. 23-8- 2012ന് കേസില്‍ കോടതിയെ സഹായിക്കാന്‍ പ്രശസ്ത അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറി ആയി സുപ്രീം കോടതി നിയമിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഇതിനിടയില്‍ അന്തരിച്ചപ്പോള്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ കേസില്‍ കക്ഷിയായി ചേര്‍ന്നു.

2015 ഫെബ്രുവരിയില്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 575 പേജുള്ള റിപ്പോര്‍ട്ടില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 266 കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. വിവിധ ഘട്ടങ്ങളില്‍ ക്ഷേത്രത്തിന്റെ നിലവറകളില്‍ നിന്ന് എടുത്ത സ്വര്‍ണം തിരികെ വെച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശിപാര്‍ശ അനുസരിച്ച് താത്കാലിക ഭരണ സമിതിയെയും കോടതി നിയമിച്ചിരുന്നു.

എന്നാല്‍ 2018 നവംബര്‍ 25ന് പത്മനാഭസ്വാമി ക്ഷേത്രം കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് ഒഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിക്ക് കത്ത് നല്‍കി. കോടതി ഈ ആവശ്യം അംഗീകരിച്ചു. പിന്നീട് അമിക്കസ് ക്യൂറിയില്ലാതെയാണ് കേസ് മുന്നോട്ടു പോയത്. 2019 ഏപ്രില്‍ നാലിന് എല്ലാവരുടെയും വാദം വിശദമായി കേട്ട കോടതി ഈ കേസ് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.
രാജ്യത്തെ നിയമ വ്യവസ്ഥയില്‍ പുതിയ ദിശാസൂചികയായ വിധി ന്യായമാണ് ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിതും ഇന്ദു മല്‍ഹോത്രയും ചേര്‍ന്ന് പ്രഖ്യാപിച്ചത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജ കുടുംബത്തിനുള്ള അവകാശം സുപ്രീം കോടതി അസന്നിഗ്ധമായി ഈ വിധിയിലൂടെ അംഗീകരിച്ചു. അവസാന രാജാവ് അന്തരിച്ചാലും മുന്‍ രാജ കുടുംബത്തിന് ക്ഷേത്ര ഭരണത്തില്‍ അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. മാറി മാറി വന്ന രാജക്കന്മാരും രാജ കുടുംബവുമാണ് നൂറ്റാണ്ടുകളായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണം നടത്തി വന്നിരുന്നതെന്നും കോടതി വിധിയില്‍ നിരീക്ഷിച്ചിട്ടുണ്ട്.

ആള്‍വാറിലെ സവായ് തേജ് സിംഗ്ജിയുടെയും ഗ്വാളിയോറിലെ മാധവ് റാവു ജീവാജി റാവു സിന്ധ്യയുടെയും ഗുജറാത്തിലെ കാലികാ മാതാജി ക്ഷേത്രത്തിന്റെയും രാജസ്ഥാനിലെ നാത്ഥ്വാര ശ്രീനാഥ്ജി ക്ഷേത്രത്തിന്റെയും ഹരിദ്വാറിലെ കച്ചി ലാല്‍ രാമേശ്വര്‍ ആശ്രമത്തിന്റെതുമടക്കമുള്ള കേസുകളിലെ മുന്‍ കാല വിധികള്‍ കൂടി പരിശോധിച്ച കോടതി, വിഗ്രഹമെന്നാല്‍ സ്വത്ത് ആര്‍ജിക്കാന്‍ അവകാശമുള്ള നിയമപരമായ വ്യക്തിയാണെന്നുള്ള വാദങ്ങളും പരിഗണിച്ചു.
നിയമത്തിന്റെ കണ്ണില്‍ വിഗ്രഹത്തിന് പ്രായപൂര്‍ത്തി ആകുന്നില്ലെന്നും അതിനാല്‍ വിഗ്രഹത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കോടതിക്ക് തീരുമാനം എടുക്കാമെന്നും സുപ്രധാനവും സമ്പന്നവുമായ ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ ശരിയായ വിധത്തില്‍ അല്ല ഭരിക്കപ്പെടുന്നത് എന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. ക്ഷേത്ര സുരക്ഷക്കും അതിന്റെ പുനരുദ്ധാരണത്തിനും സംസ്ഥാന സര്‍ക്കാര്‍ പണം ചെലവാക്കുന്നുണ്ടെന്നും ക്ഷേത്ര ഭരണത്തിന് നിയമ നിര്‍മാണം പാടില്ലായെന്നുള്ള വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ പുതിയ ഭരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കാന്‍ തയ്യാറാകുന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും രാജകുടുംബം വിശ്വാസികളുടെ താത്പര്യം പ്രതിഫലിപ്പിക്കുന്നില്ലെന്നും വാദിച്ച സംസ്ഥാന സര്‍ക്കാര്‍, ക്ഷേത്ര ഭരണ നിര്‍വഹണത്തിന് എട്ടംഗ സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഇതില്‍ അഞ്ച് പേരെ മന്ത്രിസഭ നാമനിര്‍ദേശം ചെയ്യും. നാമനിര്‍ദേശം ചെയ്യുക മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ ആയിരിക്കും. ഈ അഞ്ച് പേരില്‍ വനിതാ, പട്ടിക വിഭാഗം പ്രാതിനിധ്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി സര്‍ക്കാറിന്റെ നിര്‍ദേശം തള്ളി രാജകുടുംബം നല്‍കിയ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിലവിലുള്ള താത്കാലിക സമിതിക്ക് നല്‍കി സുപ്രീം കോടതി ഉത്തരവിട്ടു. സ്ഥിരം സംവിധാനം വരുന്നത് വരെ ജില്ലാ ജഡ്ജി അധ്യക്ഷനായ താത്കാലിക സമിതി ഭരണച്ചുമതല നിര്‍വഹിക്കണമെന്നാണ് വിധിയില്‍ വ്യക്തമാക്കുന്നത്. ബി നിലവറ തുറക്കണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി വ്യക്തമായ വിധി നല്‍കിയില്ല. പുതിയ ഭരണ സമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന് മാത്രമാണ് വിധിയില്‍ പറയുന്നത്. പുതിയ ഭരണ സമിതിയില്‍ അഹിന്ദുക്കള്‍ പാടില്ല എന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന്റെ വരുമാനം ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാനും ധാര്‍മികമായ ആവശ്യങ്ങള്‍ക്കും തിരികെ വരുമാനം ലഭിക്കുന്ന രീതിയിലും മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിച്ച കോടതി, ക്ഷേത്രത്തിനുള്ള കര്‍ശന സുരക്ഷ തുടരണമെന്നും സുരക്ഷാ ചെലവുകള്‍ ക്ഷേത്രം വഹിക്കണമെന്നും ഇതുവരെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവു ചെയ്ത തുക സര്‍ക്കാറിന് തിരികെ നല്‍കണമെന്നും വ്യക്തമാക്കി.
ആചാരങ്ങളുടെ സാംഗത്യം ചോദ്യം ചെയ്തു കൊണ്ടുള്ള കോടതി വിധികളും അവയുടെ നടപ്പാക്കലുമൊക്കെ പ്രക്ഷുബ്ധത സൃഷ്ടിക്കുന്ന നാടാണ് കേരളം. പത്മനാഭസ്വാമി ക്ഷേത്ര വിധി ഇന്ത്യന്‍ നീതിന്യായ രംഗത്ത് പഠനാര്‍ഹമായ തുടര്‍ ചലനങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അഡ്വ. സി ആര്‍ രഖേഷ് ശര്‍മ
(സുപ്രീം കോടതി അഭിഭാഷകന്‍)