Connect with us

Kerala

കേരളത്തില്‍ 18 കൊവിഡ് കേസുകളിലെ ഉറവിടം അജ്ഞാതം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ്- 19 ബാധിച്ചവരില്‍ ഉറവിടം അറിയാത്ത 41 കേസുകളാണ് ഉള്ളതെന്നും ഇവയില്‍ 18 കേസുകളില്‍ ഉറവിടം അജ്ഞാതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാക്കിയുള്ള 23 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ കണ്ടുപിടിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് രോഗബാധയുടെ തുടക്കത്തില്‍ രണ്ട് ശതമാനം കേസുകളുടെ മാത്രം ഉറവിടമാണ് കണ്ടെത്താനാകാതെ പോയിരുന്നത്. ഇന്ത്യയില്‍ ഇത് 40 ശതമാനമാണ്. കേരളത്തില്‍ ജൂണ്‍ 30 വരെയുണ്ടായ 4442 കേസുകളില്‍ 166 എണ്ണത്തിന്റെ ഉറവിടമാണ് ആരംഭത്തില്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നത്. എന്നാല്‍ ഇവയില്‍ 125 കേസുകളുടെയും ഉറവിടം പിന്നീട് കണ്ടെത്തി.

അവശേഷിക്കുന്ന 41 കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അവ ഉടനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇവയില്‍ 23 കേസുകളില്‍ ഉറവിടം ഉടനെ കണ്ടെത്താനാകും. ബാക്കി 18 കേസുകളുടെ ഉറവിടം ഇപ്പോള്‍ അജ്ഞാതമാണ്.

ഉറവിടം അജ്ഞാതമായ കേസുകളില്‍ മൂന്നെണ്ണം വീതം തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ്. രണ്ടെണ്ണം വീതം കൊല്ലം, ഇടുക്കി ജില്ലകളിലും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോ കേസുകള്‍ വീതമാണുള്ളത്. മറ്റു ജില്ലകളില്‍ ഉറവിടമറിയാത്ത കേസുകളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉറവിടാന്വേഷണം പുരോഗമിക്കുന്ന 23 കേസുകളില്‍ 13 എണ്ണവും മലപ്പുറത്താണ്. മൂന്ന് കേസുകള്‍ ഇടുക്കി ജില്ലയിലാണ്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് കേസുകള്‍ വീതവും കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളില്‍ ഓരോ കേസ് വീതത്തിലും ഉറവിടാന്വേഷണം പുരോഗമിക്കുന്നുണ്ട്.

Latest