Kozhikode
അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് മടങ്ങാൻ സംവിധാനമൊരുക്കണം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് | കൊവിഡ് പശ്ചാത്തലത്തിൽ അത്യാവശ്യമായി നാട്ടിലേക്ക് തിരിച്ചു വരുന്നവർക്കായി ഏർപ്പെടുത്തിയ ചാർട്ടർ വിമാനങ്ങൾ ഉൾപ്പെടെ യാത്രാ സൗകര്യങ്ങൾ കാര്യക്ഷമമായി നില നിർത്തണമെന്നും അവധിക്ക് നാട്ടിലെത്തി നാട്ടിൽ കുടുങ്ങിയവർക്ക് മടങ്ങാൻ സംവിധാനമൊരുക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചുവരാൻ ഇതിനകം തന്നെ ഗൾഫ് രാജ്യങ്ങൾ കവാടം തുറന്നിടുകയും നിരവധി പേർ തിരിച്ചെത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർ മടങ്ങാൻ വൈകുന്നത് ജോലി നഷ്ടപ്പെടാനിടയാക്കും.
പ്രവാസികൾ വിമാനത്താവളങ്ങളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും ദുരിതമനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കണം.
വിമാനത്താവളങ്ങളിലെ കാത്തിരിപ്പ്, മണിക്കൂറുകളോളം മതിയായ വെള്ളമോ ഭക്ഷണമോ കിട്ടാത്ത സാഹചര്യം, ഉദ്യോഗസ്ഥരുടെയും മറ്റും ദൗർലഭ്യം, രോഗലക്ഷണങ്ങളുള്ളവർക്ക് പരിശോധനാ കേന്ദ്രങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാതെയുള്ള കാത്തിരിപ്പ്, ക്വാറന്റൈൻ സെന്ററുകളിലേക്കുള്ള ഷിഫ്റ്റിംഗിലും താമസ സ്ഥലത്തുമുള്ള അസൗകര്യങ്ങൾ തുടങ്ങി ദുരിതങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണം. ഇതിന് കേരള മുസ്‌ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉപയോഗപ്പെടുത്താവുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
മഴക്കാല ദുരിതങ്ങളുൾപ്പെടെയുള്ളവയുടെ നിവാരണത്തിനായി വണ്ടൂർ അബ്ദുർറഹ്‌മാൻഫൈസി, സി പി സൈദലവി, പ്രൊഫ. യു സി അബ്ദുൽ മജീദ്, സയ്യിദ് ത്വാഹ സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, സി കെ റാശിദ് ബുഖാരി, സി എൻ ജഅ്ഫർ എന്നിവർ അംഗങ്ങളായി സ്റ്റേറ്റ് കൺട്രോൾ റൂം രൂപവത്കരിച്ചു. ഇതിന് കീഴിൽ എല്ലാ ഘടകങ്ങളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ രൂപവത്കരിക്കും.
പ്രവാസി കൺട്രോൾ റൂം പ്രവർത്തനങ്ങൾ, കവളപ്പാറയിലും പുത്തുമലയിലും നടക്കുന്ന ദാറുൽഖൈർ ഭവന നിർമാണ പദ്ധതി പുരോഗതി, കൊവിഡ് കാല സംഘടനാ മുന്നേറ്റങ്ങൾ എന്നിവ വിലയിരുത്തി. തുടർ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ മാസം 25നകം എല്ലാ ഘടകങ്ങളുടെയും എക്‌സിക്യൂട്ടീവ് മീറ്റുകൾ നടത്താൻ പദ്ധതികളാവിഷ്‌കരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ്മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പട്ടുവം കെ പി അബുബക്കർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, അപ്പോളോ മൂസ ഹാജി ചർച്ചകൾ നിയന്ത്രിച്ചു. സി പി സൈദലവി മാസ്റ്റർ സ്വാഗതവും പ്രൊഫ. യു സി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.