Connect with us

International

ഖഷഗ്ജി വധക്കേസ് വിചാരണ: തന്തൂർ അടുപ്പ് കത്തിക്കാൻ ആവശ്യപ്പെട്ടു

Published

|

Last Updated

ഇസ്താംബൂൾ| കൊല്ലപ്പെട്ട കെട്ടിടത്തിലേക്ക് സഊദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷഗ്ജി എത്തിയതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്തൂർ അടുപ്പ് കത്തിക്കാൻ ആവശ്യപ്പെട്ടതായി സഊദി കോൺസുലേറ്റ് തൊഴിലാളി.
ഖഷഗ്ജി വധക്കേസ് വിചാരണ ഇന്നലെ തുർക്കി കോടതിയിൽ ആരംഭിച്ചിരുന്നു.  കൊലപാതകത്തിൽ 20 സഊദി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണയുടെ തുടക്കത്തിൽ തന്നെ കോൺസുലേറ്റിലെ ജോലിക്കാരനായ പ്രാദേശിക സാങ്കേതിക വിദഗ്ധൻ സെക്കി ഡെമിർ തെളിവുകൾ നൽകിയിരുന്നു.

ഖഷഗ്ജി കോൺസുലേറ്റിൽ പ്രവേശിച്ചയുടൻ തന്നെ കോൺസൽ വസതിയിലേക്ക് വിളിപ്പിച്ച് തന്തൂർ അടുപ്പ് കത്തിക്കാൻ ആവശ്യപ്പെട്ടു. അഞ്ച് മുതൽ ആറ് വരെ ആളുകൾ അവിടെ ഉണ്ടായിരുന്നതായും എല്ലാവരും പരിഭ്രാന്തിയോടെയാണ് നിന്നിരുന്നതെന്ന് ഡെമിർ കോടതിയിൽ വെളിപ്പെടുത്തി.

സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരേ അന്താരാഷ്ട്രതലത്തിൽ വൻ ആരോപണമുയർന്ന കൊലപാതകമാണ് ഖഷഗ്ജി വധം. സംഭവത്തിൽ 20 സഊദി പൗരൻമാർക്കെതിരേ തുർക്കി പ്രോസിക്യൂട്ടർ കുറ്റം ചുമത്തിയിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സഹായികളായിരുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയാണ് ഇതിലെ പ്രതികൾ. സഊദിയുടെ മുൻ ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അൽ അസീരി, ഖഷഗ്ജിയെ കൊലപ്പെടുത്താനായി ഒരു സംഘത്തെ നിയോഗിക്കുകയും കൊലപാതകം നടത്തുകയും ചെയ്‌തെന്നാണ് കുറ്റം

2018 ഒക്ടോബർ രണ്ടിനാണ് ജമാൽ ഖഷഗ്ജി ഇസ്താംബുളിലെ സഊദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. വിവാഹ രേഖകൾ സംബന്ധിച്ച ആവശ്യത്തിനു എംബസിയിലെത്തിയ അദ്ദേഹത്തെ പിന്നീട് കാണാതാകുകയായിരുന്നു. ഖഷഗ്ജി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ടെന്ന് തുർക്കി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും ആദ്യം ഇക്കാര്യം സഊദി നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിഷയം അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചക്കിടയാകുകയും ഒടുവിൽ സഊദി കുറ്റസമ്മതം നടത്തുകയുമായിരുന്നു.

Latest