Connect with us

Covid19

വ്യാപാരിക്ക് കൊവിഡ്; കോഴിക്കോട് വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണത്തിന് നിര്‍ദേശം

Published

|

Last Updated

കോഴിക്കോട് | വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയങ്ങാടിയിലും പരിസരങ്ങളിലും ജാഗ്രത. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ആര്‍ ആര്‍ ടി യോഗം ചേര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എന്നാല്‍, ശനിയാഴ്ച ചേരുന്ന യോഗത്തിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ നടപ്പാക്കുകയുള്ളൂ.

അതേസമയം, സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കര്‍ശന നടപടികള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രോഗം സ്ഥിരീകരിച്ചയാളുടെ പിതാവ് ഇവിടുത്തെ കടയില്‍ സ്ഥിരമായി നില്‍ക്കാറുണ്ട്. സ്ഥിരീകരിച്ചയാള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യാറാണ് പതിവ്. ഇക്കഴിഞ്ഞ 26നാണ് ഇദ്ദേഹം കടയില്‍ വന്നുപോയത്. അന്ന് ഒരു മണിക്കൂറില്‍ താഴെ സമയം ഇവിടെ ചെലവഴിച്ചതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 20 പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചയാളുടെ പിതാവും വലിയങ്ങാടിയിലെ സ്ഥാപനത്തിലെ ആറ് പേരും ഇതില്‍ ഉള്‍പ്പെടും. ബാക്കിയുള്ളവര്‍ കുടുംബക്കാരും സുഹൃത്തുക്കളുമാണ്.
വ്യാപാരി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയത്.

ദിവസവും നാല്‍പ്പതിനായിരത്തിലധികം പേര്‍വലിയങ്ങാടിയില്‍ വന്നു പോകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സെന്‍ട്രല്‍ മാര്‍ക്കറ്റിലും വലിയങ്ങാടിയിലും 150ല്‍ പരം വാഹനങ്ങള്‍ എത്താറുണ്ട്. കടകളുടെ എണ്ണം കുറയ്ക്കുക, വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുക, പാസുള്ള വാഹനങ്ങളെ മാത്രം കയറ്റുക, വാഹനങ്ങളുടെ വിശദമായ പട്ടിക തയാറാക്കുക, മാസ്‌ക് ഇടാതെ കച്ചവടം ചെയ്യുന്ന കടകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പുറത്തിറങ്ങി നടക്കാതിരിക്കുക, ഇവര്‍ വാഹനത്തിലോ ലോഡ്ജുകളിലോ മാത്രം തങ്ങുക, മലമൂത്രം വിസര്‍ജനം പുറത്ത് നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ തീരുമാനങ്ങളാണ് ഇന്നലെ ആര്‍ ആര്‍ ടി യോഗത്തില്‍ എടുത്തത്. വിവിധ സംഘടനകളുടെ യോഗം ശനിയാഴ്ച ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.