സംസ്ഥാനത്ത് ആദ്യമായി രോഗം മാറിയ വ്യക്തിക്ക് വീണ്ടും കൊവിഡ്

Posted on: July 2, 2020 9:42 pm | Last updated: July 3, 2020 at 4:16 pm

കോട്ടയം |  വിദേശത്ത് കൊവിഡ് ചികിത്സിച്ച് ഭേദമായ ശേഷം നാട്ടിലെത്തിയ യുവതിക്ക് കൊവിഡ്. കോട്ടയം സ്വദേശിയായ 27കാരിക്കാണ് കേരളത്തില്‍ ആദ്യമായി ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മാറി വിദേശത്ത് നിന്ന് തിരികെ എത്തിയ ഇരുപത്തിയേഴുകാരിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് കോട്ടയത്ത് ആശങ്കയാകുന്നു. വിദേശത്ത് വച്ച് നടത്തിയ ടെസ്റ്റില്‍ നെഗറ്റീവായ ശേഷമാണ് യുവതി നാട്ടില്‍ തിരികെ എത്തിയത്. പിന്നീട് നാട്ടില്‍ നിരീക്ഷണത്തില്‍ തുടരവേ നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റീവായത്.

കോട്ടയം പായിപ്പാട് സ്വദേശിയായ യുവതിയെ കഴിഞ്ഞ മാസം പത്തിന് ഷര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ഇവര്‍ രോഗമുക്തരായി. തുടര്‍ന്ന് കഴിഞ്ഞ 19ന് നാട്ടിലെത്തുകയായിരുന്നു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ വീണ്ടും രോഗലക്ഷണങ്ങള്‍ വന്നതോടെയ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവര്‍ക്കും ആരോഗ്യ വകുപ്പ് ക്വാറന്റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ക്വാറന്റയിനില്‍ കഴിയുന്നു എന്ന് ഉറപ്പാക്കാന്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ അഞ്ചില്‍ നാല് പേരും ഒരേ കുടുംബത്തില്‍ പെട്ടവരാണ്.