വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈക്കോര്‍ക്കാനുള്ള ലീഗ് നീക്കത്തിനെതിരെ ഇ കെ വിഭാഗം

Posted on: July 1, 2020 9:38 am | Last updated: July 1, 2020 at 9:38 am

കോഴിക്കോട് |  തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ ഇ കെ വിഭാഗം സമസ്ത രംഗത്ത്. മുഖപത്രത്തിലെ ലേഖനത്തിലൂടെ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കമാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തീവ്രവാദികള്‍ മുഖ്യധാരയിലേക്ക് വരാന്‍ വാതില്‍ തുറക്കുകയാണെന്ന് ‘മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകര്‍ക്കു’മെന്ന ലേഖനം പറയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഇതിനായി ചര്‍ച്ചകള്‍ നടത്തുമെന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇത് അപകടകരമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് ലേഖനം.

ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന ഇതര വിശ്വാസ പ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത വംശീയ, വര്‍ഗീയ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്ര രാഷ്ട്രീയ സംഘനടയാണ് ഇസ്ലാമെന്ന് വരുത്തി തീര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി അന്തര്‍ ദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണ്. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍….അടിസ്ഥാന തത്വശാസ്ത്ര ദുര്‍വ്യാഖ്യാനം ചെയ്ത് മതമൗലിക രാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടു വന്നു വിശുദ്ധ ഇസ്‌ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണ്,’ ലേഖനത്തില്‍ പറയുന്നു.

മധ്യ പൗരസ്ത നാടുകളില്‍ ഉയര്‍ന്നു വരുന്ന രാഷ്ടീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇത്തരം രാഷ്ട്രീയ ഗ്രൂപ്പുകളുടെ സംഭാവനയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.