Connect with us

International

ഇന്ത്യ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള ആരോപണം തെളിയിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രിയോട് പാര്‍ട്ടി

Published

|

Last Updated

കാഠ്മണ്ഡു | ഇന്ത്യക്കെതിരായി പ്രതികരിച്ച് പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയരുന്ന അസ്വാരസ്യങ്ങളെ മറികടക്കാന്‍ ശ്രമിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശ്രമത്തിന് തിരിച്ചടി. ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള ഒലിയുടെ പ്രസ്താവനക്ക് എതിരെ മുന്‍ പ്രധാനമന്ത്രിമാരും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖരും രംഗത്തുവന്നു. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന്മുന്‍പ്രധാനമന്ത്രിമാര്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെസ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് നേതാക്കള്‍ ഒലിക്കെതിരെ തിരിഞ്ഞത്.

മുന്‍പ്രധാനമന്ത്രിമാരായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ എന്നിവരാണ് പ്രധാനമായും വിമര്‍ശനം നടത്തിയത്.
ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പ്രചണ്ഡ പറഞ്ഞു. “ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം” പ്രചണ്ഡ പറഞ്ഞു.ഒരു സൗഹൃദ രാജ്യത്തിനെതിരായി നിരുത്തവാദപരമായിട്ടാണ് പരമാര്‍ശങ്ങള്‍ നടത്തിയതെന്ന് മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ എന്നിവരും വ്യക്തമാക്കി.

പ്രധാനമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും ഒലി രാജിവെക്കണമെന്ന് മുന്‍ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതം ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് പുറത്തും ഒലി രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ എംബസി അട്ടിമറിക്ക് തുനിഞ്ഞെങ്കില്‍ എന്തുകൊണ്ട് അംബാസിഡറെ പുറത്താക്കുന്നില്ലെന്ന് ജന്ത സമാജ്ബാദി പാര്‍ട്ടി നേതാവും മറ്റൊരു മുന്‍ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടറായി ചോദിച്ചു.

ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഒലി തന്റെ വാദങ്ങളെ ന്യായീകരിക്കാനും ശ്രമിച്ചു.ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ പി ശര്‍മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെ ആരോപിക്കുകയായിരുന്നു.