Connect with us

National

സിന്ദൂരം അണിയാൻ ഭാര്യ വിസമ്മതിച്ചു; ഭർത്താവിന് വിവാഹ മോചനത്തിന് അനുമതി നൽകി ഹൈക്കോടതി

Published

|

Last Updated

ഗുവാഹത്തി| ഹിന്ദു മതാചാരപ്രകാരമുള്ള സിന്ദൂരവും ശംഖു വളകളും അണിയാൻ ഭാര്യ വിസമ്മതിച്ചതിനെത്തുടർന്ന് ഭർത്താവിന് വിവാഹ മോചനത്തിന് അനുമതി നൽകി ഹൈക്കോടതി. ഭർത്താവ് കുടുംബകോടതിയിലാണ് ആദ്യം പരാതി നൽകിയത്. എന്നാൽ ഭാര്യയുടെ ഭാഗത്ത് നിന്ന് ഭർത്താവിനെതിരെ യാതൊരു കുറ്റകൃത്യങ്ങളും നടന്നതായി കണ്ടെത്താത്തിനെത്തുടർന്ന് കുടുംബ കോടതി വിവാഹമോചനം നിഷേധിക്കുകയായിരുന്നു. കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

2012 ഫെബ്രുവരി 17 നാണ് ഇവരുടെ വിവാഹം നടന്നത്. ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ പറ്റില്ലെന്ന് ഭാര്യ പറഞ്ഞതുമുതൽ ഇരുവരും തമ്മിൽ തർക്കമായിരുന്നു. ഇതേത്തുടർന്ന് 2013 ജൂൺ 30 മുതൽ ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്.

സിന്ദൂരവും വളകളും ധരിക്കാൻ വിസമ്മതിക്കുന്നത് സ്ത്രീയെ അവിവാഹിതയായാണ് കണക്കാക്കുക. മാത്രമല്ല അത് വിവാഹം നിഷേധിക്കുന്നതിന് തുല്യമാണെന്നും ഭർത്താവുമൊത്ത് വൈവാഹിക ജീവിതം തുടർന്ന് കൊണ്ടുപോകാൻ താൽപ്പര്യം ഇല്ലെന്ന നിഷേധാത്മക നിലപാടാണ് കാണിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. എന്നാൽ, ഭർത്താവും കുടുംബവും തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി കാണിച്ച് സ്ത്രീ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി നിലനിൽക്കുന്നതല്ലെന്നാണ് കോടതി അറിയിച്ചത്.

Latest