ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാന്‍; ഇന്റര്‍പോളിന്റെ സഹായം തേടി

Posted on: June 29, 2020 9:39 pm | Last updated: June 29, 2020 at 9:39 pm

ടെഹ്‌റാന്‍ | ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന്‍. ട്രംപിനെ കസ്റ്റഡിയിലെടുക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ട്രംപിന് പുറമെ മറ്റ് നിരവധി പേര്‍ക്കെതിരെയും വാറണ്ടുണ്ട്.

ഈ വര്‍ഷം ജനുവരി മൂന്നിനാണ് സുലൈമാനിയെ ഇറാഖില്‍ വെച്ച് അമേരിക്കന്‍ സേന വധിച്ചത്. ട്രംപ് അടക്കം മുപ്പതിലേറെ പേര്‍ക്കാണ് വാറണ്ടെന്ന് ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖസിമേര്‍ അറിയിച്ചു. കൊലപാതകം, ഭീകരവാദം അടക്കമുള്ളവയാണ് കുറ്റങ്ങള്‍. അതേസമയം, ട്രംപ് ഒഴികെയുള്ളവരുടെ പേരുകള്‍ പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയിട്ടില്ല.

ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലും വിചാരണക്കായി ശ്രമം തുടരുമെന്ന് ഇറാന്‍ അറിയിച്ചു. ഫ്രാന്‍സിലെ ല്യോണില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോള്‍ പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഇന്റര്‍പോള്‍ ഇടപെടില്ലെന്നും റെഡ് നോട്ടീസ് പുറപ്പെടുവിക്കില്ലെന്നുമാണ് നിഗമനമെന്നും രാഷ്ട്രീയ വിഷയമാണിതെന്നും ഇറാനിലെ യു എസ് അംബാസിഡര്‍ ബ്രയാന്‍ ഹൂക് പറഞ്ഞു.