പി ടി ഐയും ‘ദേശവിരുദ്ധത’യും

വസ്തുതകളിലേക്ക് വെളിച്ചം വീശാന്‍ പാകത്തിലുള്ള വിവരങ്ങള്‍ കണ്ടെത്താനാണ് പി ടി ഐ ശ്രമിക്കുന്നത്. അത് ദേശവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവുമൊക്കെ ഭരണകൂടത്തിന്റെ ഔദാര്യം മാത്രമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്.
Posted on: June 29, 2020 4:01 am | Last updated: June 28, 2020 at 11:43 pm

പുണ്യ പ്രസൂന്‍ വാജ്പയ് എ ബി പി ന്യൂസില്‍ നിന്ന് പുറത്താക്കപ്പെടുന്നത് 2018 ആഗസ്റ്റിലാണ്. അദ്ദേഹം ആങ്കര്‍ ചെയ്തിരുന്ന ടെലിവിഷന്‍ ഷോയില്‍ നരേന്ദ്ര മോദിയെക്കുറിച്ച് ഒരക്ഷരം പറഞ്ഞുപോകരുതെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് വാജ്പയിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. രാജ്യത്തെ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് ഇരുനൂറിലേറെ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏത് വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എഡിറ്റര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നും വാജ്പയ് അന്ന് പറഞ്ഞിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ എന്തൊക്കെ സംഭവിക്കാമെന്നതിന്റെ സൂചനയായിരുന്നു രാജ്യത്തെ പ്രമുഖമായ മൂന്ന് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി.

2014ല്‍ അധികാരം ലക്ഷ്യമിട്ട് നരേന്ദ്ര മോദി പ്രചണ്ഡമായ പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ വിനീത വിധേയരായി മാറിക്കഴിഞ്ഞിരുന്നു. അധികാരം പിടിച്ചതോടെ ആ പട്ടികയിലേക്ക് കൂടുതല്‍ മാധ്യമങ്ങളെത്തി. ശേഷിക്കുന്നവയെ വരുതിയിലാക്കാന്‍ പല മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പ്രയോഗിച്ചു. വിധേയരായി നില്‍ക്കുന്നവ തന്നെ ഏതെങ്കിലും പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ മുതിര്‍ന്നാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ഉദാഹരണമാണ് പുണ്യ പ്രസൂന്‍ വാജ്പയ്. രാജ്യത്ത് അരങ്ങേറുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളുടെ കണക്കെടുക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ക്ക് രാജിവെച്ച് പോകേണ്ടിവന്നത് പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ്. ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന, തീവ്ര ഹിന്ദുത്വ അജന്‍ഡകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്താന്‍ ശ്രമിക്കുന്നവരെ, അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിനെ സമ്മര്‍ദത്തിലാക്കി പുറത്താക്കുക എന്നത് ഒരു തന്ത്രം. അതിന് പറ്റാത്ത സാഹചര്യത്തില്‍ മാധ്യമ മേധാവികളെ കള്ളക്കേസില്‍ കുടുക്കും. ഇതും ഫലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ശ്രമിക്കും. അതിനായി അസത്യങ്ങളും അര്‍ധ സത്യങ്ങളും അപവാദവുമൊക്കെ പ്രചരിപ്പിക്കും. സംഘ ബലം ഇതിന് ഫലപ്രദമായി ഉപയോഗിക്കപ്പെടും.

അതിന്റെ തുടര്‍ച്ച കാണുകയാണ്, ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍. 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയത് എങ്ങനെ എന്നതിലൊരു വ്യക്തത ഇന്നോളം ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഏറ്റവുമൊടുവില്‍ ഇന്നലെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ പോലും ഇന്ത്യന്‍ മണ്ണില്‍ കണ്ണുവെച്ചവരെ സൈന്യം പരാജയപ്പെടുത്തി എന്ന് മാത്രമാണ് പരാമര്‍ശിക്കപ്പെട്ടത്. ചൈനയുടെ സൈനികര്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ മണ്ണില്‍ പ്രവേശിക്കുകയും ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന് ശേഷവും ഇന്ത്യന്‍ മണ്ണില്‍ ചൈനയുടെ സൈനികര്‍ തുടരുന്നുവെന്നും ടെന്റുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ വരുന്നു. ഇന്ത്യയാണ് പ്രകോപനം സൃഷ്ടിച്ചത് എന്നും അതിനുള്ള തിരിച്ചടിയാണ് നല്‍കിയതെന്നും ചൈന അവകാശപ്പെടുകയും ചെയ്യുന്നു. കാര്യങ്ങള്‍ അവ്യക്തമായി തുടരുമ്പോള്‍ വസ്തുത എന്താണെന്ന് കണ്ടെത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുക സ്വാഭാവികം. അതിനായി ഉന്നത ഉദ്യോഗസ്ഥരുടെ അഭിമുഖമെടുക്കുന്നതും പതിവാണ്.

അത്തരത്തില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസഡറുടെയും ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെയും അഭിമുഖമെടുത്ത പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) എന്ന രാജ്യത്തെ പ്രധാനപ്പെട്ട വാര്‍ത്താ ഏജന്‍സി ഇപ്പോള്‍ “ദേശവിരുദ്ധ’ മുദ്രകുത്തപ്പെടുന്ന അവസ്ഥയിലാണ്. സര്‍ക്കാറിന്റെ ഔദ്യോഗിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പ്രസാര്‍ ഭാരതി തന്നെയാണ് “ദേശവിരുദ്ധ’ മാധ്യമപ്രവര്‍ത്തനമാണ് പി ടി ഐ നടത്തുന്നത് എന്ന് കുറ്റപ്പെടുത്തുന്നത്. ഈ രീതി തുടര്‍ന്നാല്‍ പി ടി ഐയില്‍ നിന്ന് വാര്‍ത്ത സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന ഭീഷണിയുമുണ്ട്. പ്രസാര്‍ ഭാരതിക്ക് കീഴിലുള്ള പല സ്ഥാപനങ്ങളും വാര്‍ത്ത സ്വീകരിക്കുന്നതിന് പി ടി ഐക്ക് പണം നല്‍കുന്നുണ്ട്. അത് നിലയ്ക്കുമെന്നാണ് ഈ ഭീഷണിയുടെ അര്‍ഥം.

നിയന്ത്രണ രേഖക്ക് അപ്പുറത്തേക്ക് പിന്‍മാറുകയും അതിര്‍ത്തിയിലെ സേനാ വിന്യാസം കുറക്കുകയുമാണ് ചൈന ചെയ്യേണ്ടത് എന്നാണ് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പി ടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 20 ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത സംഘര്‍ഷത്തിന് ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനു ശേഷവും നിയന്ത്രണ രേഖക്കിപ്പുറത്ത് ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് സൈനികരുടെ സാന്നിധ്യമുണ്ടെന്നാണ് മിസ്രിയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് മിസ്രിയോ അംബാസഡര്‍ പറഞ്ഞത് തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയമോ പറഞ്ഞിട്ടില്ല. രാജ്യാതിര്‍ത്തിക്കുള്ളിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിന് ശേഷമാണ് മിസ്രിയുടെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്. ഏതാണ് സത്യമെന്ന് പറയേണ്ട ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. അത് പറയാതെ, വാര്‍ത്താ ഏജന്‍സി “ദേശവിരുദ്ധ’ മാധ്യമപ്രവര്‍ത്തനം നടത്തുന്നുവെന്ന് കുറ്റപ്പെടുത്തുമ്പോള്‍ ജനങ്ങളില്‍ നിന്ന് ചിലതൊക്കെ മറച്ചുവെക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണെന്ന് മാത്രമേ മനസ്സിലാക്കാനാകൂ. പി ടി ഐ ചെയ്ത മറ്റൊരു കുറ്റം ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെ അഭിമുഖമെടുത്തുവെന്നതാണ്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണം ഇന്ത്യയാണെന്നല്ലാതെ മറ്റൊന്നും അംബാസഡര്‍ക്ക് പറയാനുണ്ടാകില്ല എന്ന് അന്നാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം. ചൈനയുടെ പ്രതിനിധി അങ്ങനെ പറഞ്ഞുവെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്താല്‍ അതെങ്ങനെ ദേശവിരുദ്ധമാകും? അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം രാജ്യത്തെ ഏതാണ്ടെല്ലാ മാധ്യമങ്ങളും (ഭരണകൂടത്തിന്റെ വിനീത വിധേയരായവരുള്‍പ്പെടെ) ചൈനയുടെ പ്രതികരണം (ഔദ്യോഗികമായുള്ളതും അല്ലാത്തതും) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം നടത്തുകയോ ചെയ്തിരുന്നു. അതെല്ലാം “ദേശവിരുദ്ധ’ പ്രവര്‍ത്തനമായി കണക്കാക്കേണ്ടി വരും.

1949ല്‍ പ്രവര്‍ത്തനം തുടങ്ങിയ, ലാഭം ലക്ഷ്യമിടാത്ത സഹകരണ സ്ഥാപനമാണ് പി ടി ഐ. രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ മേധാവിമാരും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരെപ്പോലുള്ള വ്യക്തികളും ഡയറക്ടര്‍മാരായുള്ള സ്ഥാപനം. രാജ്യത്തിനകത്തുള്ള മാധ്യമങ്ങള്‍ക്ക് മാത്രമല്ല, പുറത്തുള്ള മാധ്യമങ്ങള്‍ക്കും വാര്‍ത്തകളും വിവരങ്ങളും (ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം) വിതരണം ചെയ്യുക എന്നതാണ് അവരുടെ ബിസിനസ്സ്. അതില്‍ നിന്നാണ് വരുമാനം. ആ വ്യവസായം നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോകണമെങ്കില്‍ വിശ്വാസ്യത കുറഞ്ഞ അളവിലെങ്കിലും നിലനിര്‍ത്തണമെന്ന ബോധ്യം അവര്‍ക്കുണ്ട്. വിശ്വാസ്യത നിലനിര്‍ത്തുക എന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്വമാണെന്ന് കരുതുന്നുമുണ്ടാകും. അതുകൊണ്ടാണ് വസ്തുതകളിലേക്ക് വെളിച്ചം വീശാന്‍ പാകത്തിലുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ പി ടി ഐ ശ്രമിക്കുന്നത്. അത് ദേശവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍, അവരെ ദേശവിരുദ്ധരാക്കിക്കൊണ്ടുള്ള സംഘ് പ്രചാരണം ആരംഭിക്കുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവുമൊക്കെ ഭരണകൂടത്തിന്റെ ഔദാര്യം മാത്രമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്.
രാജ്യത്തെ ഏതാണ്ടെല്ലാ മാധ്യമങ്ങളും വാര്‍ത്താ സ്രോതസ്സായി പി ടി ഐയെ ആശ്രയിക്കുന്നുണ്ട്. പ്രസിദ്ധം ചെയ്യപ്പെടുന്ന, സംപ്രേഷണം ചെയ്യപ്പെടുന്ന വാര്‍ത്തകളില്‍ വലിയൊരളവിന്റെ ഉറവിടമെന്ന് വേണമെങ്കില്‍ പി ടി ഐയെ വിശേഷിപ്പിക്കാം. ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാര്‍ത്ത ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കപ്പെടുന്നതാണല്ലോ കൂടുതല്‍ സൗകര്യവും എളുപ്പവും. രാജ്യത്തിന്റെ മണ്ണില്‍ കണ്ണുവെക്കുന്നവര്‍ക്ക് ന്യായം പറയാന്‍ വേദിയൊരുക്കുന്നതിനേക്കാള്‍ വലിയ അപരാധം തത്കാലം രാജ്യത്തില്ല തന്നെ! നിയന്ത്രണ രേഖക്കിപ്പുറം ഇന്ത്യന്‍ മണ്ണില്‍ ചൈനയുടെ സൈനികര്‍ നില്‍ക്കുന്നുണ്ടെങ്കില്‍ (മിസ്രി പറയുന്നത് പോലെ) അതിനേക്കാള്‍ വലിയ അപരാധം.