Connect with us

Covid19

കൊളംബിയയിൽ കൊവിഡ് ബാധിച്ച് കോമയിലായ സ്ത്രീ വൈറസ് ബാധയില്ലാത്ത കുഞ്ഞിന് ജന്മം നൽകി

Published

|

Last Updated

ബെഗോട്ട | മകൻ ജെഫേഴ്‌സന് ജന്മം നൽകുമ്പോൾ ഡയാന അങ്കോളയെന്ന 36കാരി തന്റെ ജീവന് വേണ്ടി പൊരുതുകയായിരുന്നു. മെയ് 15നാണ് ഡയാനയെ കടുത്ത പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14 ആഴ്ച ഗർഭിണിയായിരുന്നതിന് പുറമെ ന്യൂമോണിയ ലക്ഷണങ്ങൾ കൂടി കാണിക്കാൻ തുടങ്ങിയതോടെ ഇവരുടെ നില വഷളായി. കൊവിഡ് സ്ഥിരീകരിച്ച ഇവർ മൂന്ന് ദിവസം കഴിഞ്ഞതോടെ പതുക്കെ കോമയിലേക്ക് നീങ്ങാൻ തുടങ്ങി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയിലെത്തുന്നതു കണ്ട ഡോക്ടർമാർ ഉടൻ തന്നെ ഇവരെ സിസേറിയന് വിധേയമാക്കുകയായിരുന്നു.

ഒരുപാട് ഞെട്ടലുണ്ടാക്കിയ കേസായിരുന്നു ഇവരുടേതെന്ന് ചികിത്സാസംഘത്തിലെ ഡോക്ടർ പറഞ്ഞു. വൈറസ് ബാധിക്കാതെ ജനിച്ചെങ്കിലും ജെഫേഴ്‌സന് ശ്വാസമെടുക്കാൻ ബുദ്ധമുട്ടുണ്ടായിരുന്നു. പൂർണവളർച്ചയെത്താതെ ജനിച്ചതിന്റെ മറ്റ് അസ്വസ്ഥതകളും. എന്നിട്ടും ഡോക്ടർമാർ പ്രതീക്ഷ കൈവിട്ടില്ല. ഇൻക്യുബേറ്ററിൽ നിരീക്ഷണത്തിൽ വെച്ച കുഞ്ഞിന്റെ ശ്വസനവേഗം ക്രമപ്പെടുകയും, ഭാരം വർധിക്കുകയും ചെയ്തതോടെ ഡോക്ടർമാർക്ക് പ്രതീക്ഷയേറി.

നിലവിൽ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയ അങ്കോളയും കുഞ്ഞും വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. “വളരെ വലിയൊരു യുദ്ധത്തിൽ പങ്കെടുത്ത പ്രതീതിയാണെനിക്കുള്ളത്. ഡോക്ടർമാരുടെ സഹായം വിസ്മരിക്കാനാകാത്തതാണ്”. അവർ പറഞ്ഞു. ജെഫേഴ്‌സനെ കൂടാതെ ഒരുമകൾ കൂടിയുണ്ട് ഇവർക്ക്.

Latest