അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; മലപ്പുറത്തെ എടപ്പാളില്‍ ആശങ്ക

Posted on: June 28, 2020 1:15 pm | Last updated: June 28, 2020 at 1:16 pm

മലപ്പുറം | അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറത്തെ എടപ്പാളില്‍ ആശങ്ക. രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് ഇവിടെ കൊവിഡ് ബാധിച്ചത്. സാമൂഹിക വ്യാപനമുണ്ടായോ എന്ന പരിശോധനക്കായി സെന്റിനല്‍ സര്‍വേയുടെ ഭാഗമായി ശേഖരിച്ച സാമ്പിളുകളാണ് പോസിറ്റീവായത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവരുടെ റാന്‍ഡം ടെസ്റ്റില്‍ ഇത്രയും പേര്‍ രോഗബാധിതരായതോടെ എടപ്പാള്‍, വട്ടക്കുളം മേഖലകളില്‍ സാമൂഹിക വ്യാപനമുണ്ടായോ എന്ന സംശയം ശക്തമായിരിക്കുകയാണ്. പ്രദേശത്ത് ഒരു യാചകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനിലേക്കും രോഗം പകര്‍ന്നു. ഇതേ തുടര്‍ന്നാണ് മേഖലയില്‍ റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്.

നിലവില്‍ സാമൂഹിക വ്യാപന ഘട്ടത്തിലേക്കു കടന്നിട്ടില്ലെങ്കിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും പരിശോധനക്കു വിധേയരാക്കുമെന്നും അദ്ദേഹം പറഞ്ഞു.