Connect with us

Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 141 കോടി രൂപ അനുവദിച്ച് സർക്കാർ

Published

|

Last Updated

തിരുവനന്തപുരം| ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 141 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. റിലയൻസ് ഇൻഷ്വറൻസ് കമ്പനിക്കാണ് തുക അനുവദിച്ചത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ കോടിക്കണക്കിന് രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും ജൂലൈ 1 മുതൽ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നും കഴിഞ്ഞ ദിവസം സർക്കാറിനെ അറിയിച്ചിരുന്നു. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന 188 ആശുപത്രികളാണ് പദ്ധതിയിൽ നിന്ന് പിൻമാറുന്നുവെന്ന് വ്യക്തമാക്കി കത്ത് നൽകിയത്. ഇതിന് പിന്നാലെയാണ് ഈ നടപടി.

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യമെഡിക്കൽ കോളജുകൾക്കും ഈ സാമ്പത്തിക വർഷം ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ല. 200 കോടിയാണ് കുടിശ്ശിക. മാർച്ച് 31ന് മുന്പുള്ള തുകയും കുടിശ്ശികയാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന കർശനനിലപാടിലേക്ക് സ്വകാര്യ ആശുപത്രികളുടെ സംഘടന തീരുമാനിച്ചത്.

കഴിഞ്ഞ ഡിസംബറിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോൾ 30 ശതമാനം തുക സർക്കാർ നൽകിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കുടിശ്ശിക കിട്ടിയില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ആശുപത്രികളുടെ നിലപാട്.

Latest