Covid19
കൊവിഡ് വ്യാപനം: ബെംഗളൂരു 20 ദിവസത്തേക്ക് അടച്ചിടണമെന്ന് കുമാരസ്വാമി

ബെംഗളൂരു | കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 20 ദിവസത്തേക്ക് നഗരം അടച്ചിടണമെന്ന് മുൻമുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ട്വീറ്റ്. സമൂഹത്തിലെ ദുർബലവിഭാഗങ്ങൾ ഉൾക്കൊള്ളുന്ന സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ നിയന്ത്രണം കടുപ്പിച്ച പല മേഖലകളിലും സ്ഥിതി രൂക്ഷമല്ല. എന്നാൽ, രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾക്ക് അയവു വന്നിരിക്കുന്നു. ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്നത് നിർത്തണമെന്നും, ചില സ്ഥലങ്ങളിലെ മാത്രം നിയന്ത്രണങ്ങൾ നിലനിർത്താതെ നഗരം 20 ദിവസത്തേക്കെങ്കിലും പൂർണമായി അടച്ചിട്ടില്ലെങ്കിൽ ബെംഗളൂരു മറ്റൊരു ബ്രസീലായി മാറാൻ അധികം സമയമെടുക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസവേതനക്കാർക്ക് വേണ്ടി വലിയ പാക്കേജുകൾ പ്രഖ്യാപിച്ചതു കൊണ്ടായില്ല, പലചരക്ക് സാധനങ്ങൾ ഇത്തരക്കാരുടെ വീടുകളിൽ നേരിട്ട് എത്തിക്കാനുള്ള സംവിധാനമാണൊരുക്കേണ്ടത്. 50 ലക്ഷത്തോളം വരുന്ന ഇവർക്ക് ആശ്വാസധനസഹായമായി 5,000 രൂപയെങ്കിലും സർക്കാർ നൽകണമെന്നും കുമാരസ്വാമി പറഞ്ഞു. പാക്കേജ് പ്രഖ്യാപിക്കുന്നതിനല്ല അത് നടപ്പാക്കുന്നതിനാണ് സർക്കാർ ഉത്സാഹം കാണിക്കേണ്ടതെന്നും ട്വീറ്റിൽ ഉണ്ടായിരുന്നു.