National
ഇന്ത്യയിൽ ലക്ഷത്തിൽ 30 പേർക്ക് മാത്രം കൊവിഡ്; ആഗോള ശരാശരി ഇതിന്റെ മൂന്നിരട്ടിയിലേറെ

ന്യൂഡൽഹി| ആഗോളതലത്തിൽ ലക്ഷം പേരിൽ ഒരാൾക്ക് എന്ന കണക്കിൽ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒരു ലക്ഷം പേരിൽ 30.04 പേർക്ക് മാത്രമാണ് രോഗബാധ. എന്നാൽ ആഗോള ശരാശരി ഇതിന്റെ മൂന്നിരട്ടിയിലധികമാണ്. ആഗോളതലത്തിൽ 114.67 പേർക്ക് രോഗമുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഉദ്ധരിച്ച് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ലക്ഷം പേരിൽ 671.24 കേസുകളാണ് യു എസിലുള്ളത്. ജർമ്മനിയിൽ 583.88, സ്‌പെയിൻ 526.22, ബ്രസീൽ 489.42 എന്നിങ്ങനെയാണ് കേസുകൾ. കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 14,821 കൊവിഡ് കേസുകളും, 445 മരണങ്ങളും റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 425,282 ആയും മരണസംഖ്യ 13,699 ആയും ഉയരുകയും ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിലവിൽ 173,384 രോഗബാധിതരാണുള്ളത്. 237,195 പേർ രോഗമുക്തമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9440 കൊവിഡ് രോഗികൾ രോഗമുക്തമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.