Connect with us

Kerala

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സീരിയല്‍ മേഖലയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കൂടി ജോലി ചെയ്യുന്ന ഇയാള്‍ നഗരത്തിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും എത്തിയതായാണ് റൂട്ട് മാപ്പില്‍ നിന്ന് വ്യക്തമാകുന്നത്. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടില്‍ വച്ചു നടന്ന സീരിയല്‍ ഷൂട്ടിംഗിനും പോയിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് വരെ മിക്ക ദിവസങ്ങളിലും ഓട്ടോ ഓടിച്ച ഇയാള്‍ 13ന് ഐറാണിമുറ്റം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തി. പിന്നീട് ആറ്റുകാല്‍ ഇന്ത്യന്‍ ബാങ്ക്, കാലടി വിനായക സൂപ്പര്‍ മര്‍ക്കറ്റ്, വഴുതക്കാട്, വെള്ളായണി, ആറ്റുകാല്‍ ദേവി പ്രൈവറ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും പോയി.

30ന് കരമന തള്ളിയില്‍ വീട്ടില്‍ നടന്ന ഷൂട്ടിംഗിന് പോയി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, കരമന, പാല്‍കുളങ്ങറ, ചാക്ക, കൈതമുക്ക്, തൃക്കാണപുരം, പേരൂര്‍ക്കട, അമ്പലമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍, സ്റ്റാച്യു, തമ്പാനൂര്‍, എന്നിവിടങ്ങില്‍ കെഎല്‍ 01 ബിജെ 4836 എന്ന നമ്പറിലുള്ള ഓട്ടോയുമായി ട്രിപ്പ് പോയതായും റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം ഓട്ടോ ഡ്രൈവര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ജില്ലയില്‍ കൊവിഡിന്റെ സാമൂഹികവ്യാപനം ഉണ്ടാകും എന്ന ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.