Connect with us

Articles

അതിര്‍ത്തിയും അമേരിക്കയും

Published

|

Last Updated

ഏഷ്യാ പസഫിക്കിലെ അമേരിക്കയുടെ ആഗോളാധിപത്യ താത്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് രണ്ടാം ലോക യുദ്ധാനന്തരം സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളെ അസ്ഥിരീകരിക്കാനും തമ്മിലടിപ്പിക്കാനുമുള്ള രാഷ്ട്രീയ സൈനിക തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. നവസ്വതന്ത്ര രാജ്യങ്ങള്‍ വന്‍ശക്തി മേധാവിത്വത്തിനെതിരെ സ്വതന്ത്ര വിദേശനയം രൂപപ്പെടുത്തിയതും ചേരിചേരാനയം സ്വീകരിച്ചതും അമേരിക്കയെ അങ്ങേയറ്റം പ്രകോപിപ്പിച്ചു. നാസറിന്റെയും നെഹ്റുവിന്റെയും ചൗ എൻ ലായിയുടെയും ഇച്ഛാശക്തിയോടെയുള്ള നേതൃത്വം നവസ്വതന്ത്ര രാജ്യങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.

ഈജിപ്തിനെ തകര്‍ക്കാനുള്ള ഇടപെടലുകള്‍ നടത്തി. നാസറിനെതിരെ ഇസ്റാഈലിനെയും രാഷ്ട്ടീയ ഇസ്്ലാമിസ്റ്റുകളെയും ഇളക്കിവിട്ടു. അറബ് നാടുകളുടെ ഐക്യത്തെ തകര്‍ക്കാനും പരസ്പരം യുദ്ധം ചെയ്യിക്കാനുമുള്ള രാഷ്ട്രീയ- സൈനിക തന്ത്രങ്ങള്‍ പരീക്ഷിച്ചു. ചേരിചേരാ രാഷ്ട്രങ്ങളുടെ ഏഷ്യൻ അച്ചുതണ്ടായ ഇന്ത്യയെയും ചൈനയെയും ശത്രുതയിലാക്കാനുള്ള കൗശലപൂർവമായ ഇടപെടലുകള്‍ ആരംഭിച്ചു. നയതന്ത്രപരമായി പരിഹാരം കാണേണ്ട അതിര്‍ത്തി വിഷയം സൈനികവത്കരിക്കപ്പെടുന്നതും യുദ്ധത്തിലേക്ക് എത്തുന്നതും അമേരിക്കയുടെ ആസൂത്രിത പദ്ധതികളിലാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും നയതന്ത്ര ബുദ്ധിയോടെയും സമാധാനപരമായി പരിഹാരം കാണേണ്ടിയിരുന്ന അതിര്‍ത്തി വിഷയം ശീതയുദ്ധകാലത്തെ അമേരിക്കന്‍ താത്പര്യങ്ങളുടെയും കുത്തിത്തിരിപ്പുകളുടെയും ഫലമായാണ് നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് പരിണമിച്ചത്.
ദശകങ്ങളായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നയതന്ത്രപരമായ പരിഹാരങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് ഇരുരാജ്യങ്ങളും ചെയ്യേണ്ടതെന്ന അഭിപ്രായം ശക്തിപ്പെടുകയാണ്. ഉപരിപ്ലവവും ചരിത്രവിരുദ്ധവുമായ വിശകലനങ്ങളിലൂടെ വൈകാരികത പടര്‍ത്തുന്നവര്‍ ഇന്ത്യയുടെ പരമാധികാരത്തിനും ദേശീയ താത്പര്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്നുവരുന്ന ആഗോള ഭീഷണികളെ കാണാത്തവരോ അതിനെ കുറിച്ച് അജ്ഞത സൃഷ്ടിക്കുന്നവരോ ആണ്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സർവകക്ഷിയോഗത്തില്‍ സംസാരിച്ച ദേശീയ നേതാക്കളെല്ലാം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാക്കണമെന്ന നിലപാടാണ് പങ്കുവെച്ചത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നം ഉഭയകക്ഷി കരാറുകളുടെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സർവകക്ഷി യോഗത്തിൽ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഈ മഹാമാരിക്കാലത്ത് ഇരുരാജ്യങ്ങളെയും യുദ്ധത്തിലേക്ക് തള്ളിവിടരുതെന്ന ഉറച്ച നിലപാടാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്ന സാഹചര്യത്തിലേക്ക് നീങ്ങാതെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കുമെന്ന് ചൈനയുടെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയെത്തുകയും ചെയ്തിരുന്നു. ഗാല്‍വാന്‍ താഴ്്വരയിലുണ്ടായ ഏറ്റമുട്ടലില്‍ ഇരുഭാഗത്തെയും സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ദൗത്യനിര്‍വഹണത്തിനിടെ ജീവന്‍ വെടിയേണ്ടിവന്നത്. പ്രധാനമന്ത്രി സർവകക്ഷിയോഗത്തെ അറിയിച്ചത് ഇന്ത്യയുടെ അതിര്‍ത്തി ആരും കൈവശപ്പെടുത്തിയിട്ടില്ലെന്നാണ്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ നേരിടാനുള്ള സൈനിക വിന്യാസവും ചൈനക്കെതിരെ നയതന്ത്രതലത്തില്‍ സമ്മർദ്ദം ചെലുത്താനാവശ്യമായ നീക്കങ്ങളും നടത്തുമെന്നുമാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കിയത്. സർവകക്ഷിയോഗത്തില്‍ സംസാരിച്ച ദേശീയ നേതാക്കള്‍ സര്‍ക്കാറിന് പിന്തുണ അറിയിച്ചതോടൊപ്പം ഗൗരവ പൂർവം പരിഗണിക്കേണ്ട നിർദേശങ്ങളും ആശങ്കകളും സര്‍ക്കാറിനെ അറിയിച്ചിട്ടുമുണ്ട്. അതിര്‍ത്തിയിലെ സംഭവഗതികള്‍ നിരീക്ഷിക്കുന്നതില്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗത്തിന് പാളിച്ച പറ്റിയോ എന്നും ജൂണ്‍ ആറിനുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ സേനാ പിന്മാറ്റ നടപടികളില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചത്.

ചരിത്ര വിരുദ്ധവും ട്രംപിന്റെ ലോകാധിപത്യ താത്പര്യങ്ങള്‍ക്കനുസൃതവുമായ ന്യായീകരണയുക്തി വിളമ്പുന്നവരുടെ രാജ്യസ്‌നേഹ നാട്യങ്ങള്‍ തികഞ്ഞ അമേരിക്കന്‍ പാദസേവയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ഇന്ത്യ- ചൈന അതിര്‍ത്തി വിഷയത്തിന്റെ ചരിത്രവും ആഗോളപശ്ചാത്തലവും വര്‍ത്തമാന ലോകരാഷ്ട്രീയവും പരിശോധിക്കുമ്പോഴാണ് ഇപ്പോഴത്തെ സംഭവങ്ങളെ ശരിയായി മനസ്സിലാക്കാന്‍ കഴിയുക. അതോടൊപ്പം, സംഘികളുള്‍പ്പെടെ തീവ്ര വലതു- വര്‍ഗീയ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന തള്ളുകളുടെ അന്തസ്സാര ശൂന്യതയും ദേശവിരുദ്ധതയും തിരിച്ചറിയാനാവുകയും ചെയ്യുക. അതിവൈകാരികത സൃഷ്ടിച്ച് നയതന്ത്ര ഇടപെടലുകളെയും ഉഭയകക്ഷി ചര്‍ച്ചകളെയും പരിഹാര നടപടികളെയും തടസ്സപ്പെടുത്തിയ ഭൂതകാല അനുഭവങ്ങളുടെ ദുരന്തപൂര്‍ണമായ തുടര്‍ച്ചയാണ് ഇപ്പോഴും ഇത്തരക്കാരുടെ നിലപാടുകളും പ്രചാരണങ്ങളും പ്രതിഫലിപ്പിക്കുന്നത്. ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായിയുടെ 1960ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുകയും നെഹ്റു അതിന് തയ്യാറെടുക്കുകയും ചെയ്തതാണ്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിമാർ കാണുമ്പോള്‍ തര്‍ക്കങ്ങളില്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തതുമാണ്. 1959 മുതല്‍ ചൗ എൻ ലായിയും നെഹ്റുവും തമ്മില്‍ നടന്ന കത്തിടപാടുകളിലൂടെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സമവായം ഉണ്ടാക്കാനും അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുമുള്ള നടപടികളാരംഭിക്കുന്നതിന് ഡല്‍ഹി കൂടിക്കാഴ്ച അവസരമാകുമെന്ന് കരുതിയവരെ നിരാശരാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
ജനസംഘവും സ്വതന്ത്ര പാര്‍ട്ടിക്കാരും ഒരു വിഭാഗം കോണ്‍ഗ്രസുകാരും അതിവൈകാരികത ഇളക്കിവിട്ട് നെഹ്റുവിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് പിറകില്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരും സി ഐ എയും നല്ല കളികളിച്ചുവെന്നതായിരുന്നു സത്യം. “മിലിറ്റന്റ് ഹിന്ദുയിസം ഇന്‍ ഇന്ത്യ” പോലുള്ള പഠനങ്ങള്‍ തയ്യാറാക്കാനായി ഇന്ത്യയില്‍ തമ്പടിച്ച ജെ എ കറാനെ പോലുള്ള സി ഐ എ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് സ്വാധീനത്തെ മാത്രമല്ല നെഹ്റുവിന്റെ ചേരിചേരാ നയത്തെയും ചൈനാ ബന്ധത്തെയും സംശയത്തോടെയായിരുന്നു കണ്ടിരുന്നത്.

പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച ഏഷ്യയിലെയും ആഫ്രോ ലാറ്റിന്‍ നാടുകളിലെയും യുഗോസ്ലാവ്യ പോലുള്ള ബാള്‍ക്കന്‍ നാടുകളുടെയും കൂട്ടായ്മയായിരുന്നല്ലോ ചേരിചേരാ പ്രസ്ഥാനം. 1955ല്‍ ഇന്തോനേഷ്യയിലെ ബന്ദൂംഗ് നഗരത്തില്‍ വന്‍ശക്തി മേധാവിത്വത്തിനെതിരെ നടന്ന സമ്മേളനം അമേരിക്കയെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ട് ചേരിചേരാ പ്രസ്ഥാനത്തില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കാനും എഷ്യയിലെ വലിയ രാജ്യങ്ങളായ ഇന്ത്യയെയും ചൈനയെയും ശത്രുതയിലാക്കാനുമുള്ള ആസൂത്രിത നീക്കങ്ങള്‍ അമേരിക്ക നടത്തി.

1961ൽ അമേരിക്ക പാസ്സാക്കിയ ഫോറിന്‍ അസിസ്റ്റന്‍സ് ആക്ട് ഏഷ്യയില്‍ കമ്മ്യൂണിസവും ചൈനയുടെ സ്വാധീനവും തടയാനായിരുന്നു. 1950ല്‍ മനില കേന്ദ്രീകരിച്ച് ഏഷ്യന്‍ നാറ്റോ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യയുടെയും ചൈനയുടെയും ശക്തമായ എതിര്‍പ്പുമൂലം പരാജയപ്പെട്ട ചരിത്ര പശ്ചാത്തലവും ഫോറിന്‍ അസിസ്റ്റന്‍സ് നിയമം ഉണ്ടാക്കുന്നതിന് പ്രേരണയായിട്ടുണ്ട്. അമേരിക്കന്‍ സമ്പദ്ഘടനയുടെ അഭിവൃദ്ധിക്കും വിഭവങ്ങള്‍ക്കും വാണിജ്യപാതകള്‍ കൈയടക്കുന്നതിനും വേണ്ടി യുദ്ധങ്ങളും രാജ്യങ്ങളെ ശത്രുതയിലാക്കുന്ന തന്ത്രപരമായ ഇടപെടലുകളും നടത്താന്‍ യു എസ് ഭരണകൂടത്തിന് അനുമതി നല്‍കുന്ന നിരവധി നിയമങ്ങള്‍ ഇക്കാലഘട്ടത്തില്‍ പടച്ചുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാകുന്ന രാഷ്ട്രങ്ങളെയും സഖ്യങ്ങളെയും സോവിയറ്റ് യൂനിയനെയും കമ്മ്യൂണിസത്തെയും ലക്ഷ്യമിടുന്ന ശീതയുദ്ധകാല ഉപജാപങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ശത്രുതാപരമായ തലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

(അവസാനിക്കുന്നില്ല)

Latest