Connect with us

Articles

മത്സ്യവിഭവം ശോഷിക്കുന്നു

Published

|

Last Updated

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളില്‍ വലിയൊരു ഭാഗം തിരിച്ചു പോയിരുന്നു. ജൂണ്‍ ഒമ്പതിന് 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് ആരംഭിക്കുക കൂടി ചെയ്തതോടെ ബാക്കിയുള്ളവരും യാത്രയായി. വലിയ യാനങ്ങളെല്ലാം നിശ്ചലമായി.

നിരവധി പേര്‍ ചേര്‍ന്നാണ് വലിയ റിംഗ് വലയുടെ ഉടമസ്ഥത രൂപവത്കരിക്കുന്നത്. വലക്കും യാനത്തിനുമായി ഉയര്‍ന്ന മൂലധനം ആവശ്യമായതോടെ കച്ചവടക്കാരും ഇടനിലക്കാരുമെല്ലാം ഉടമകളായി മാറി.
വരുമാനം ഉയര്‍ന്നെങ്കിലും അതിന്റെ ഏറിയ പങ്കും ഇതര മേഖലകളിലേക്കാണ് വിതരണം ചെയ്യപ്പെടുന്നത്. ആഹാര ചെലവും മത്സ്യത്തൊഴിലാളി വിഹിതവും യൂനിറ്റ് ഉടമയുടെ അറ്റാദായവും മാത്രമാണ് മത്സ്യമേഖലയുടെ വിഹിതം. ഇന്ധനച്ചെലവ്, ഉരു ഉപകരണങ്ങളുടെ തേയ്മാനം, ദല്ലാള്‍ കമ്മീഷന്‍, പലിശയിനത്തിലെ ചെലവുകള്‍ അങ്ങനെ ഇതര മേഖലകളിലേക്കാണ് വരുമാനത്തില്‍ വലിയ ഭാഗം വിതരണം ചെയ്യപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ തൊഴിലാളികളുടെ തൊഴില്‍ തേടിയുള്ള പ്രയാണം 1980കളില്‍ സജീവമായിരുന്നു. സ്വന്തം ഗ്രാമത്തില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയി ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചു വരുന്ന രീതി, തൊഴില്‍ തേടി മറ്റിടങ്ങളില്‍ പോകുകയും തൊഴിലുമായി ബന്ധപ്പെട്ട് അവിടെ താത്കാലികമായി താമസിക്കുകയും ചെയ്യുന്ന രീതി, സ്വന്തം ഗ്രാമം വിട്ട് മറ്റിടങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന രീതി എന്നിവയൊക്കെ നിലവിലുണ്ടായിരുന്നു.
1990കളോടെ കേരള തീരത്ത് മറ്റൊരു പ്രവണതയുണ്ടായി. മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗങ്ങള്‍ അനുബന്ധ തൊഴിലുകളിലേക്കു മാറുകയും കേരളത്തിലെ മത്സ്യബന്ധന യാനങ്ങളില്‍ ജോലി ചെയ്യുന്നതിന് ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി എത്തിച്ചേരുകയും ചെയ്തു.
കേരളത്തില്‍ മത്സ്യമേഖലയിലെ വികസന കുതിപ്പ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും മത്സ്യത്തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക നിലവാരത്തില്‍ വലിയ കുതിച്ചു ചാട്ടമൊന്നും ഉണ്ടായിട്ടില്ല. മത്സ്യമേഖല വാണിജ്യവത്കരിക്കപ്പെട്ടെങ്കിലും പുതിയ അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താന്‍ മത്സ്യത്തൊഴിലാളി സമൂഹത്തിനായില്ല. പുതുതായി സൃഷ്ടിക്കപ്പെട്ട വിവിധ തൊഴില്‍ മേഖലകളില്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിന് വലിയ തോതില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
കേരളീയ മത്സ്യമേഖലയില്‍ ഉണ്ടായ അമിത ശേഷി വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. മത്സ്യം പിടിക്കാനായി ഉപയോഗിക്കുന്ന ഉയര്‍ന്ന ചെലവിന് അനുസൃതമായി മത്സ്യം ലഭിക്കാത്ത അവസ്ഥ രൂക്ഷമായി.

കടലില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള മത്സ്യത്തിന്റെ അളവ് കണക്കാക്കി ഉപയോഗിക്കാവുന്ന മത്സ്യബന്ധന യാനങ്ങള്‍ എത്ര ആയിരിക്കണമെന്നതു സംബന്ധിച്ച് 1984ല്‍ കലാവര്‍ കമ്മിറ്റി ഒരു ശിപാര്‍ശ സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. 1,145 യന്ത്രവത്കൃത ബോട്ട്, മോട്ടോര്‍ ഘടിപ്പിച്ച 2,960 വള്ളങ്ങള്‍, മോട്ടോര്‍ ഘടിപ്പിക്കാത്ത 20,000 ഉരുക്കള്‍ എന്നിവയാണ് ശിപാര്‍ശ ചെയ്യപ്പെട്ടത്. എന്നാല്‍ 2017-18 വര്‍ഷത്തിലെ കണക്കനുസരിച്ച് കേരള തീരത്ത് 4,248 യന്ത്രവത്കൃത ബോട്ടുകളും മോട്ടോര്‍ ഘടിപ്പിച്ച 29,969 വള്ളങ്ങളും മോട്ടോര്‍വത്കൃതമല്ലാത്ത 2,515 ഉരുക്കളും ഉള്‍പ്പെടെ 36,732 യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
യന്ത്രവത്കൃത ബോട്ടുകളും മോട്ടോര്‍വത്കൃത വള്ളങ്ങളും അനുവദനീയമായ യാനങ്ങളേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ്. ഈ അമിത ശേഷിയെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ മത്സ്യം കിട്ടുന്നുമില്ല.

ഇതോടെ കേരളത്തിലെ കടല്‍ മേഖല അമിതമായ മത്സ്യബന്ധന സമ്മര്‍ദത്തിനു വിധേയമായി. കേരള തീരത്തെ ഒരു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള മത്സ്യബന്ധന സമ്മര്‍ദ നിരക്ക് 1985ല്‍ ശരാശരി എട്ട് പേര്‍ ആയിരുന്നു. 1992ല്‍ ഇത് 10 പേര്‍ ആയി. 2009 ആകുമ്പോഴേക്ക് അത് ശരാശരി 12 പേരായി ഉയര്‍ന്നിരുന്നു.
കേരളത്തില്‍ മോട്ടോര്‍വത്കൃത ഉരുക്കളുടെ എണ്ണം 1991ല്‍ 9,914 ആയിരുന്നത് 1998ല്‍ 13,219 ആയി വര്‍ധിച്ചു. പരമ്പരാഗത വലകളുടെ എണ്ണം 1991നെ അപേക്ഷിച്ച് 1998ല്‍ 12 ശതമാനമായി വര്‍ധിച്ചു. ഇക്കാലയളവില്‍ മിനി ട്രോളിന്റെ എണ്ണം 164 ശതമാനമാണ് വര്‍ധിച്ചത്.
ഉയര്‍ന്ന ചെലവിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന വിധം കിട്ടാവുന്നത്ര മത്സ്യം പിടിച്ചെടുക്കാനാണ് ഓരോ യാനവും ശ്രമിക്കുന്നത്. മത്സ്യം കുറവാണെങ്കിലും മത്സ്യം പിടിക്കാനുള്ള അവകാശം സ്വതന്ത്രമായതിനാല്‍ ഇതിനു തടസ്സമില്ല. ഇത് കടലില്‍ അനാരോഗ്യകരമായ മത്സരത്തിനു കാരണമാകുന്നു. പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കാനും കൂടുതല്‍ മൂലധനം വിനിയോഗിക്കാനുമുള്ള പ്രവണത കൂടിക്കൂടിവരുന്നു. ഇങ്ങനെ ഉണ്ടാകുന്ന താത്കാലികമായ വലിയ ലാഭം എല്ലാ കാലത്തേക്കും നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഇത് കടലില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. മത്സ്യവിഭവം ശോഷിക്കുന്നു. വര്‍ഷാവര്‍ഷങ്ങളില്‍ മത്സ്യ പ്രജനന കാലത്തെ ട്രോളിംഗ് നിരോധം കൊണ്ടുമാത്രം കേരള തീരത്തെ മത്സ്യ സമ്പത്തിനെ പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ല.

(അവസാനിച്ചു)

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്