Connect with us

Editorial

കേരളം തൊഴിലാളി ക്ഷാമത്തിലേക്ക്

Published

|

Last Updated

ക്വാറികളിലേക്കും കായിക പ്രാധാന്യമുള്ള മറ്റു തൊഴില്‍ മേഖലകളിലേക്കും ജോലിക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ പല പാടശേഖരങ്ങളിലും ജോലിക്കാരെ ലഭിക്കാത്തത് മൂലം കര്‍ഷകര്‍ ഒന്നാം വിള നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജോലിക്കാരെ തേടി കരാറുകാരും ഉടമകളും പരക്കം പായുന്നു. റോഡ്, പാലം തുടങ്ങിയ സര്‍ക്കാര്‍ പണികളും പാതിവഴിയിലാണ്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയതോടെ സംസ്ഥാനത്തെ കാര്‍ഷിക, വ്യാവസായിക, നിര്‍മാണ മേഖലകളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നേരത്തേ നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മിക്കതും പുനരാരംഭിച്ചെങ്കിലും ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കാനില്ല. ഗള്‍ഫ് നാടുകളിലെത്തിയാല്‍ കായിക പ്രാധാന്യമേറിയതുള്‍പ്പെടെ എന്തു ജോലിയും ചെയ്യുമെങ്കിലും നാട്ടില്‍ മെയ്യനങ്ങുന്ന ജോലിയെടുക്കാന്‍ മലയാളിക്ക് പൊതുവെ മടിയാണ്. ബംഗാള്‍, ബിഹാര്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് വര്‍ഷങ്ങളായി ഇത്തരം ജോലികള്‍ ഏറെയും നിര്‍വഹിച്ചു വരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പറമ്പ് കിളക്കല്‍, നെല്‍കൃഷി നടീല്‍, കൊയ്ത്ത്, ഹോട്ടല്‍ ജോലി, ബാര്‍ബര്‍ പണി തുടങ്ങി സര്‍വ മേഖലകളിലും അവരുടെ സാന്നിധ്യമാണ് കൂടുതലും. മലയാളികളെ അപേക്ഷിച്ച് കുറഞ്ഞ കൂലി, കഠിനാധ്വാനത്തിനുള്ള സന്നദ്ധത തുടങ്ങിയ കാരണങ്ങളാല്‍ കരാറുകാര്‍ നാടന്‍ തൊഴിലാളികളേക്കാള്‍ അതിഥി തൊഴിലാളികളെയാണ് ആശ്രയിക്കാറുള്ളത്.
സംസ്ഥാന സര്‍ക്കാറിന്റെ കണക്കു പ്രകാരം പത്ത് ലക്ഷത്തോളമാണ് കേരളത്തില്‍ തൊഴിലെടുക്കുന്ന അതിഥിതൊഴിലാളികളുടെ എണ്ണം (അനൗദ്യോഗിക കണക്കു പ്രകാരം 35 ലക്ഷത്തോളം). ഇവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ ജന്മനാടുകളിലേക്ക് തിരിച്ചുപോയി. 204 തീവണ്ടികളിലായി 2,89,703 പേര്‍ മടങ്ങിയെന്നാണ് സര്‍ക്കാറിന്റെ കണക്ക്. ഈ മാസം 15 വരെയുള്ള കണക്കാണിത്. ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും പതിനായിരക്കണക്കിന് തൊഴിലാളികള്‍ മടങ്ങിയിട്ടുണ്ട്. ഇവരുടെ കണക്ക് സംസ്ഥാന സര്‍ക്കാറിന്റെ കൈവശമില്ല. സംസ്ഥാനത്ത് അവശേഷിക്കുന്ന അതിഥി തൊഴിലാളികളില്‍ ഗണ്യഭാഗവും മടങ്ങാന്‍ ആഗ്രഹിച്ച് യാത്രാ സൗകര്യവും കാത്തുകഴിയുന്നു. പൊതുമേഖലയിലെ വികസന പ്രവര്‍ത്തനങ്ങളടക്കമുള്ള നിര്‍മാണ മേഖലയെയാണ് ഇവരുടെ തിരിച്ചുപോക്ക് കൂടുതല്‍ പ്രയാസത്തിലാക്കിയത്.

ദിനംപ്രതി നൂറുകണക്കിനു തൊഴിലാളികള്‍ പണിയെടുത്തിരുന്ന കൊച്ചി ബി പി സി എല്‍ എണ്ണശുദ്ധീകരണ ശാല, കൊച്ചി മെട്രോ തുടങ്ങിയ വന്‍കിട പദ്ധതികളുടെ നിര്‍മാണ രംഗത്ത് ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കുന്നില്ല. കൊറോണ നിയന്ത്രിതമാകുന്നതോടെ തിരിച്ചു വരാമെന്ന ഉദ്ദേശ്യത്തോടെയാണ് അതിഥി തൊഴിലാളികള്‍ തിരിച്ചുപോയതെങ്കിലും ഒരു വര്‍ഷമെങ്കിലും കഴിയാതെ അവരില്‍ ഏറെയും മടങ്ങി വരാന്‍ സാധ്യതയില്ല. വരും മാസങ്ങളില്‍ ഉത്തരേന്ത്യയില്‍ കൃഷിക്കാലമായതിനാല്‍ നാട്ടില്‍ നിന്നാലും അവര്‍ക്ക് പണിലഭിക്കാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് കേരളത്തില്‍ താരതമ്യേന പണി കുറവുമാണ്. ദീര്‍ഘകാലം തൊഴിലാളി ദൗര്‍ലഭ്യം അനുഭവിക്കേണ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ അത് സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഏതെങ്കിലുമൊരു മേഖലയിലെ മാത്രമല്ല, വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളൊഴിച്ച് ബാക്കിയെല്ലായിടത്തും തൊഴിലാളി ദൗര്‍ലഭ്യം ആഘാതം സൃഷ്ടിക്കും.
അതേസമയം, കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പ്രവാസികളാണ് മടക്ക യാത്രക്കായി പേര് രജിസ്റ്റര്‍ ചെയ്ത് അവസരം കാത്തിരിക്കുന്നത്. ഇവരില്‍ ഏറെ പേര്‍ക്കും അടുത്ത കാലത്തൊന്നും തിരിച്ചുപോക്ക് സാധ്യമല്ല. നോര്‍ക്കയുടെ പഠനപ്രകാരം വിദേശ മലയാളികളില്‍ കൂടുതലും നിര്‍മാണ രംഗത്താണ് തൊഴിലെടുക്കുന്നത്.

25,000 മുതല്‍ 30,000 വരെയാണ് അവരുടെ വരുമാനം. കേരളത്തിലെ അതിഥി തൊഴിലാളികളുടെ സമ്പാദ്യവും ഇത്രത്തോളം വരും. 2018ല്‍ ലോകബേങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് വിദേശ മലയാളികള്‍ പ്രതിവര്‍ഷം കേരളത്തിലേക്കയക്കുന്നത് 63,289 കോടി രൂപയാണ്. ഇത്രയും തുക കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളും നാടുകളിലേക്കയക്കുന്നുണ്ട്. തിരിച്ചെത്തുന്ന പ്രവാസികള്‍ അതിഥി തൊഴിലാളികളുടെ വിടവ് നികത്താന്‍ സന്നദ്ധമായാല്‍ കേരളത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന പണം ഇവിടെ തന്നെ പിടിച്ചു നിര്‍ത്താനാകും. ഗള്‍ഫ് സ്വപ്‌നം ഏറെക്കുറെ അവസാനിച്ച ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെ നോക്കിക്കാണാനും മാന്യമായ ഏതു തൊഴിലും ചെയ്യാനും പ്രവാസികള്‍ സന്നദ്ധമാകുകയാണ് ഇതിനാദ്യമായി വേണ്ടത്. നേരത്തേ നാട്ടില്‍ ഗള്‍ഫിന്റെ മേനി നടിച്ചിരുന്ന താന്‍ ഇനിയെങ്ങനെ നാട്ടുകാരുടെ മുമ്പില്‍ കായികാധ്വാനമുള്ള ജോലി ചെയ്യുമെന്ന ചിന്തക്ക് കൊവിഡ് കാലത്ത് പ്രസക്തിയില്ല. സ്വന്തം കുടുംബം പോറ്റാന്‍ നാട്ടിലാണെങ്കിലും അധ്വാനിക്കാതെ തരമില്ലെന്ന യാഥാര്‍ഥ്യ ബോധം പ്രവാസികള്‍ക്കുണ്ടാകണം.

ഗള്‍ഫിന്റെ പ്രതാപ കാലത്ത് തന്നെ പ്രവാസികളില്‍ ഒരു വിഭാഗം ലീവില്‍ നാട്ടില്‍ വരുമ്പോള്‍ നിര്‍മാണ രംഗത്തുള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്ത് ഒഴിവുവേള ഉപകാരപ്രദമായി വിനിയോഗിക്കുന്നവരായിരുന്നു. ഇത്തരക്കാരെ തിരിച്ചുപോയ അതിഥി തൊഴിലാളികളുടെ സ്ഥാനത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. പ്രവാസികളുടെ അനുഭവവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്താവുന്ന വേറെയും പല മേഖലകളും സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവാസികളെ തൊഴില്‍ സംബന്ധമായി തരംതിരിച്ച് പട്ടിക തയ്യാറാക്കുകയും പുനരധിവാസത്തിനു നടപടി സ്വീകരിക്കുകയും ചെയ്താല്‍ തൊഴിലാളി ക്ഷാമം വലിയൊരളവോളം പരിഹരിക്കാനാകും. അത് നാടിനും പ്രവാസികള്‍ക്കും അനുഗ്രഹമാകുകയും ചെയ്യും.

---- facebook comment plugin here -----

Latest