Connect with us

Gulf

മര്‍കസ് അലുംനൈയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു; 194 പ്രവാസികള്‍ ഇന്ന് ആശ്വാസ തീരത്തേക്ക്

Published

|

Last Updated

ദുബൈ | കൊവിഡ് വിതച്ച ദുരിതത്തില്‍ കഷ്ടപ്പെടുന്ന 194 പേരെയും വഹിച്ചു മര്‍കസ് അലുംനൈ യു എ ഇ ചാപ്റ്റര്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു. രാത്രി 12 മണിയോടെ കരിപ്പൂരിലെത്തും. മര്‍കസ് അലുംനൈക്ക് അനുമതി ലഭിച്ച 45 വിമാനങ്ങളില്‍ ആദ്യത്തേതാണിത്.

20 ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ട 38 പേര്‍, മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമായ 22 പേര്‍, വിസ കാലാവധി പൂര്‍ത്തിയായ 69 പേര്‍ തുടങ്ങിയവര്‍ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. ടിക്കറ്റ് നിരക്ക് വഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ യാത്രക്കാര്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേരിട്ട് ഇടപെട്ടാണ് ടിക്കറ്റുകള്‍ ശരിയാക്കി നല്‍കിയത്.

ഐ സി എഫും മര്‍കസും ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളെ സംരക്ഷിക്കാനും ആവശ്യമായവര്‍ക്ക് നാട്ടിലെത്താനുമുള്ള സാധ്യമായത്ര യത്‌നങ്ങളും നയതന്ത്ര ഇടപെടലുകളും നടത്തുന്നുണ്ടെന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസിന് കീഴിലെ അടുത്ത വിമാനം നാളെ കോഴിക്കോട് എത്തും. ആദ്യമായാണ് ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനം അയക്കുന്നത്. ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്.

കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കും ഹൈദരാബാദ്, ഡല്‍ഹി, മുംബൈ തുടങ്ങി ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു.

Latest