National
പെട്രോൾ- ഡീസൽ വില വർധന: മോദിക്ക് സോണിയഗാന്ധിയുടെ കത്ത്

ന്യൂഡൽഹി | നിരന്തരമായുള്ള പെട്രോൾ- ഡീസൽ വില വർധനവിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സോണിയാഗാന്ധി കത്തയച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങൾ തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്. ചെറുകിട ബിസിനസ്സുകളും, മധ്യവർഗസമൂഹത്തിന്റെ വരുമാനവും നഷ്ടപ്പെട്ട ഈ സാഹചര്യത്തിൽ ഇത്തരത്തിൽ രൂക്ഷമായ ഇന്ധനവില വർധനവിനെ കേന്ദ്രം പരിഗണിക്കാതിരിക്കുന്നതിന്റെ യുക്തി തനിക്കു മനസ്സിലാകുന്നില്ലെന്ന് സോണിയ ഗാന്ധി കത്തിൽ പറഞ്ഞു.
ഇത് എല്ലാ വിഭാഗം ആളുകളുടെയും ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്. ഇത്തരമൊരു രൂക്ഷമായ സാഹചര്യത്തിൽ അർഹതപ്പെട്ടവരുടെ കൈകളിൽ പണവും സഹായങ്ങളും നേരിട്ട് എത്തിക്കണമെന്ന കോൺഗ്രസിന്റെ സ്ഥിരം ആവശ്യവും കത്തിൽ ആവർത്തിച്ചു. ദുരിതത്തിലായ ജനങ്ങളിൽ നിന്ന് ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അവർ ആരോപിച്ചു.
ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധനവില ഇത്തരത്തിൽ ദിവസേന വർധിക്കാൻ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞയാഴ്ച മാത്രം പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒമ്പത് ശതമാനം വില കുറഞ്ഞു. ഇത്രനാൾ അമിത നികുതിയിലൂടെ സർക്കാർ സമാഹരിച്ച പണം ചെലവഴിക്കേണ്ട അവസരമാണിത്. കഴിഞ്ഞ ആറ് വർഷത്തിനിടെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ കുറവുണ്ടായിട്ടും അധിക നികുതി വഴി സർക്കാർ വൻതുക സമാഹരിച്ചിട്ടുണ്ട്. 18,00,000 കോടി രൂപയാണ് പെട്രോൾ- ഡീസൽ നികുതിയിനത്തിൽ കേന്ദ്ര സർക്കാറിന് സമാഹരിച്ചത്. എപ്പോഴെങ്കിലും ഈ പണം ചെലവഴിക്കാനുള്ള അവസരമുണ്ടെങ്കിൽ അത് ഇപ്പോഴാണെന്നും പ്രധാനമന്ത്രിക്കുള്ള സോണിയാഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങൾക്കുണ്ടായ വിലക്കുറവിന്റെ ഗുണം സാധാരണ ജനങ്ങൾക്ക് കിട്ടുന്ന തരത്തിൽ വില വർധന പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പെട്രോളിന് 47 പൈസയും ഡീസലിന് 57 പൈസയുമാണ് വില വർധനയുടെ തുടർച്ചയായ പത്താം ദിവസം വർധിച്ചത്. ജൂൺ ഏഴ് മുതൽ വർധിച്ച കണക്ക് പരിശോധിച്ചാൽ പെട്രോൾ ലിറ്ററിന് 5.47 രൂപയും ഡീസലിന് 5.8 രൂപയും കൂടി.