Connect with us

Covid19

ഡല്‍ഹി മേഖലയില്‍ എല്ലാവര്‍ക്കും കൊവിഡ് പരിശോധന വേണം; രോഗബാധിതരുടെ കുടുംബത്തിന് ധനസഹായം നല്‍കണം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷി യോഗം പുരോഗമിക്കുന്നു. ഡല്‍ഹിയെ കൂടാതെ യു പിയുടെയും ഹരിയാനയുടെയും ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ഉന്നത തല ചര്‍ച്ച നടത്തി ഒരു ദിവസത്തിനു ശേഷമാണ് ഷാ സര്‍വകക്ഷി യോഗം വിളിച്ചത്. ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി ജെ പി, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി എന്നിവയുള്‍പ്പെടെ വടക്കന്‍ ബ്ലോക്കിലെ കക്ഷികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഡല്‍ഹി. മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിലുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങളിലെയും കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ അധികാരികള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് ഇടപെടാന്‍ കേന്ദ്രം തീരുമാനിച്ചത്.

കൊവിഡ് സ്ഥിതി പരിശോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിച്ച അമിത് ഷാ വിഷയത്തില്‍ പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം തേടി. എല്ലാവര്‍ക്കും കൊവിഡ് പരിശോധനകള്‍ നടത്തണമെന്നും കൊവിഡ് ബാധിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കും 10,000 രൂപ വീതം സഹായം നല്‍കണമെന്നും യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളെ നോണ്‍ പെര്‍മന്റ് റസിഡന്റ് ഡോക്ടര്‍മാരെന്ന നിലയില്‍ ചികിത്സക്കായി ഉപയോഗപ്പെടുത്തണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.

രോഗ സംക്രമണം നടക്കുന്നതായി ആരോപിച്ച് ഡല്‍ഹിയുമായുള്ള അതിര്‍ത്തി ഉത്തര്‍ പ്രദേശ് അടച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങള്‍ തുടരുമെന്ന് യു പി സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നോയിഡ, ഗാസിയാബാദ് പ്രദേശങ്ങളിലെതിനെക്കാള്‍ 40 ഇരട്ടിയാണ് ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍, ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഒരു വിലക്കും തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹരിയാനയും വ്യക്തമാക്കി.